ബെര്‍ലിന്‍- ജര്‍മ്മന്‍ ദ്വീപായ ഹെലിഗോലാന്റിന് സമീപം രണ്ട് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് ആറു പേരെ കാണാതായി. അപകടത്തില്‍പ്പെട്ട കപ്പലുകളിലൊന്ന് മുങ്ങി.
പോള്‍സി, വെരിറ്റി എന്നീ കപ്പലുകളാണ് കൂട്ടിയിടിച്ചത്. ജര്‍മ്മനിയിലെ ഹാംബുട്ഗില്‍ നിന്നും സ്‌പെയിനിലെ ലാ കൊറൂണയിലേക്ക് പോവുകയായിരുന്ന പോള്‍സിയില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ജര്‍മ്മനിയിലെ ബ്രെമിനില്‍ നിന്നും ഇംഗ്ലണ്ടിലെ ഇമ്മിംഗ്ഹാമിലേക്ക് പോവുകയായിരുന്നു വെറിറ്റി. ഏകദേശം 91 മീറ്റര്‍ മാത്രം നീളമുള്ള ചെറിയ കപ്പലാണ് വെറിറ്റി. പോള്‍സിക്ക് 190 മീറ്ററായിരുന്നു നീളം.
കൂട്ടിയിടിയെ തുടര്‍ന്ന് വെരിറ്റി കപ്പല്‍ മുങ്ങി. ദുരന്തത്തില്‍പ്പെട്ട ഒരാളെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയതായും ചികിത്സയിലാണെന്നും കേന്ദ്ര കമാന്‍ഡ് അറിയിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപ്പല്‍, പൊലീസ് ബോട്ടുകള്‍, സെന്‍സര്‍ എയര്‍ക്രാഫ്റ്റ്, ഹെലികോപ്്ടര്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥാ തെരച്ചിലിനെ ബാധിച്ചിട്ടുണ്ടെങ്കിലും പരമാവധി ശ്രമങ്ങള്‍ തുടരുകയാണെന്ന് ജര്‍മന്‍ അധികൃതര്‍ അറിയിച്ചു.