Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരില്‍ മുസ്‌ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം

കണ്ണൂര്‍- ഫലസ്തീന്റെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലോകനീതിയുടെ അനിവാര്യ താല്‍പര്യമാണെന്നും, അത് ഉറപ്പുവരുത്താന്‍ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസംഘടനയും മുന്നിട്ടിറങ്ങണമെന്നും മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി സ്‌റ്റേഡിയം കോര്‍ണറില്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനികള്‍ക്കുമേല്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണം അടിയന്തരമായി അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന ലോകമനഃസാക്ഷിയുടെയും രാജ്യാന്തര സമൂഹത്തിന്റെയും ആവശ്യം പാലിക്കപ്പെടണം. ഇസ്രായില്‍ ഇപ്പോള്‍ ചെയ്യുന്ന കൊടുംക്രൂരതകള്‍ മാത്രമല്ല ആ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഫലസ്തീനികളുടെ അവകാശം നിഷേധിച്ചുകൊണ്ടാണ് സംഭവിച്ചിട്ടുള്ളത്. ഇസ്രായിലിന്റെ നേതാക്കള്‍ തന്നെ അവര്‍ നടത്തിയ അധിനിവേശവും കോളനിവാഴ്ചയും തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ഫലസ്തീനികളുടെ പൂര്‍വപിതാക്കള്‍ ആടുമേയ്ക്കുകയും കൃഷിചെയ്യുകയും ചെയ്ത മണ്ണിലാണ് നാം നമ്മുടെ വീടുകള്‍ കെട്ടിപ്പൊക്കുന്നതെന്നും ഫലസ്തീന്‍കാരുടെ നിലപാടിനെ എങ്ങിനെയാണ് അപലപിക്കുകയെന്നും ഇസ്രായിലി നേതാവ് 1948ല്‍ തന്നെ ചോദിച്ചിട്ടുള്ളതാണ്. ഇസ്രായിലിലെ മുന്‍സൈനികര്‍ രൂപം നല്‍കിയിട്ടുള്ള സമാധാനത്തിനു വേണ്ടിയുള്ള സംഘടിത സംരംഭം പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് അവര്‍ തന്നെ വെളിവാക്കിയിട്ടുള്ളത്.
സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട ജനതയുടെ സ്വാതന്ത്ര്യ പ്രക്ഷോഭമാണ് ഫലസ്തീന്‍കാര്‍ നടത്തിയിട്ടുള്ളത്. തുടക്കം മുതല്‍ തന്നെ അതിനെ അംഗീകരിക്കുകയും പിന്തുണക്കുകയുമാണ് മഹാത്മാഗാന്ധി ചെയ്തത്.  ഇക്കാര്യത്തിലും ഗാന്ധി മാര്‍ഗത്തില്‍ ഉറച്ചുനിന്ന് യുദ്ധവിരാമത്തിനും സമാധാന സ്ഥാപനത്തിനും വേണ്ടി ഇന്ത്യ ഇടപെടണം. സാമ്രാജ്യത്വത്തിനും കോളനിവാഴ്ചക്കും ഫലസ്തീന്‍ ഇരയാക്കപ്പെടുകയാണുണ്ടായത്. സാമ്രാജ്യത്വശക്തികള്‍ ചരടുവലിച്ചതു കൊണ്ടാണ് മിക്ക സ്വാതന്ത്ര്യപ്രക്ഷോഭങ്ങളും വിജയംകണ്ട ഇരുപതാം നൂറ്റാണ്ടില്‍ ഫലസ്തീന്‍കാരുടെ ന്യായമായ ആവശ്യം മാത്രം നിഷേധിക്കപ്പെട്ടത്. വന്‍ശക്തികള്‍ ഇന്നും തുടരുന്ന അധിനിവേശത്തിനും അക്രമത്തിനും അനുകൂലമായ നിലപാട് അവരുടെ മനുഷ്യത്വരാഹിത്യത്തെ ലോകസമൂഹത്തിനുമുമ്പില്‍ തുറന്നുകാട്ടുകയാണ് ചെയ്തിരിക്കുന്നത് -സമദാനി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാനവൈസ് പ്രസിഡന്റ്് അബ്ദുറഹിമാന്‍ കല്ലായി,  ജില്ലാ ഭാരവാഹികളായ മഹമൂദ്കടവത്തൂര്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. കെ.എ.ലത്തീഫ്, വി.പി .വമ്പന്‍, കെ.പി .താഹിര്‍, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടി.എ. തങ്ങള്‍, സി. കെ.മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എം.പി മുഹമ്മദലി, എന്‍.കെ റഫീഖ് മാസ്റ്റര്‍, ബി.കെ അഹമ്മദ്, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി. സാജിത ടീച്ചര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് പ്രസംഗിച്ചു.

 

Latest News