ജറൂസലം- ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം തുടരുന്നതിനിടെ ജറൂസലമില്‍ അല്‍ അഖ്സ മസ്ജിദില്‍ മുസ്ലിംകള്ക്ക് പ്രവേശനം വിലക്കി ഇസ്രായില്‍ പൊലീസ്.
അധിനിവേശ കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്ലികളെ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിരിക്കയാണെന്ന് ഇസ്ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ജൂതന്മാരെ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിംകള്ക്ക് മാത്രം ആരാധന നടത്താന്‍ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകര്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങള്‍ നടത്തുകയും ചെയ്തതായി ഫലസ്തീന് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മക്കയിലെ മസ്ജിദുല്‍ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുല്‍ അഖ്സ.
മസ്ജിദ് കോമ്പൗണ്ടിലേക്കുള്ള എല്ലാ ഗേറ്റുകളും പോലീസ് അടച്ചുപൂട്ടുകയും എല്ലാ പ്രായത്തിലുമുള്ള മുസ്ലിംകളെയും അതിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തുവെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാവിലെ മുതല്‍ പ്രായമായവര്‍ക്ക് മാത്രമാണ് പൊലീസ് പള്ളിയിലേക്ക് പ്രവേശനം നല്‍കിയിരുന്നതെന്നും പിന്നീട് പെട്ടെന്ന് എല്ലാവരെയും തടയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.