ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ചരിത്രപ്രസിദ്ധ നഗരമായ മുഗള്‍സരായിലെ റെയില്‍വെ സ്റ്റേഷന് ദീന്‍ ദയാല്‍ ഉപാധ്യയ എന്ന് പുനര്‍നാമകരണം ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ചടങ്ങ് ഉല്‍ഘാടനം ചെയ്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍, തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി സംഘപരിവാര്‍ ശക്തിപ്രകടനമായി മാറി. സര്‍ക്കാര്‍ ചെലവില്‍ സംഘപിപ്പിച്ച ഈ പരിപാടി ബി.ജെ.പി തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയാക്കി മാറ്റിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പേരുമാറ്റല്‍ ചടങ്ങിനോടനുബന്ധിച്ച് സ്റ്റേഷനെ കാവി നിറത്തില്‍ മുക്കിയിട്ടുണ്ട്. മുഗള്‍സരായ് ജങ്ഷന്‍ എന്ന പേരിലുളള ബോര്‍ഡുകളെല്ലാം മാറ്റി ദീന്‍ ദയാല്‍ ഉപാധ്യയ എന്നാക്കി.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സ്റ്റേഷനുകളിലൊന്നാണ് 1862ല്‍ ബ്രീട്ടീഷകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ച മുഗള്‍സരായ് റെയില്‍വെ സ്റ്റേഷന്‍. കിഴക്കെ ഇന്ത്യയെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിച്ചിരുന്ന തിരക്കേറി വ്യാപാര, സഞ്ചാര പാതയായിരുന്ന 16-ാം നൂറ്റാണ്ടില്‍ ഷേര്‍ ഷാ സൂരി നിര്‍മ്മിച്ച ഗ്രാന്‍ഡ് ട്രങ്ക് റോഡിനോട്് ചേര്‍ന്നാണ് മുഗള്‍സാരായ് ജങ്ഷന്‍ സ്റ്റേഷന്‍ നിലകൊള്ളുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നാലാമത് റെയില്‍വെ സ്റ്റേഷനാണിത്.
വര്‍ഷങ്ങളായി സംഘപരിവാര്‍ സംഘടനകള്‍ ഈ സ്റ്റേഷനും ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യയുടെ പേരു നല്‍കണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഇതിനു പച്ചകൊടി കാട്ടിയത്. ഇതോടെ ചരിത്രം വളച്ചൊടിക്കുകയാണെന്ന ആക്ഷേപവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ചരിത്രപ്രസിദ്ധ റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റണെന്ന് നിര്‍ദേശിച്ചത്. 2018 ജൂണില്‍ യുപി ഗവര്‍ണര്‍ റാം നായിക് ഇതിനു അനുമതി നല്‍കുകയും ചെയ്തു.
മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മനാട് കൂടിയാണ് മുഗള്‍സാരായ്. 1968-ല്‍ മുഗള്‍സാരായ് സ്റ്റേഷനു സമീപത്തു നിന്നും ദീന്‍ ദയാല്‍ ഉപാധ്യയയുടെ മൃതദേഹം ദൂരൂഹ സാഹചര്യത്തില്‍ കണ്ടെടുക്കപ്പെട്ടതിന്റെ പേരിലാണ് ഈ സ്റ്റേഷനു സംഘപരിവാര്‍ അദ്ദേഹത്തിന്റെ പേരു നല്‍കണമെന്ന് ആവശ്യപ്പെട്ടു വന്നിരുന്നത്.