ചെന്നൈ - ട്രെയിനിടിച്ച് ചെന്നൈയിൽ ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കളുടെ കൺമുമ്പിൽ വെച്ചാണ് മൂന്നുപേരെയും ട്രെയിൻ ഇടിച്ചുതെറിപ്പിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത മൂവരും റെയിൽ പാളത്തിലൂടെ നടക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ ട്രെയിൻ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണ സംഭവമുണ്ടായത്.
പൂജ അവധിക്ക് ചെന്നൈയിലെത്തിയതാണ് ഇവരെന്നാണ് വിവരം. വിജയദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടശേഷം മൃതദേഹത്തിനരികെ അലമുറയിട്ട് കരയുന്ന മാതാപിതാക്കളുടെ കാഴ്ച വല്ലാത്തൊരു അവസ്ഥയായിരുന്നു. ഇവരെ ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും ബുദ്ധിമുട്ടി. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.