തിരുവനന്തപുരം - റേഷൻ വിതരണത്തിൽ ഭക്ഷ്യമന്ത്രി അറിയാതെ പുതിയ സമയക്രമം ഏർപ്പെടുത്തി പൊതുവിതരണ വകുപ്പ്. ഇതേ തുടർന്ന് പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി.
രണ്ടു ഘട്ടങ്ങളിലായി റേഷൻ നൽകാനായിരുന്നു ഇന്നലെ ഇറങ്ങിയ ഉത്തരവ്. താൻ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഭക്ഷ്യമന്ത്രി, പ്രസ്തുത ഉത്തരവ് അടിയന്തരമായി മരവിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.
Read More
എല്ലാ മാസവും 15-ാം തിയ്യതി വരെ മുൻഗണനാ വിഭാഗങ്ങൾ(മഞ്ഞ, പിങ്ക് കാർഡ്)ൾക്കും ശേഷം (നീല, വെള്ള കാർഡ് ഉടമകൾ) പൊതുവിഭാഗങ്ങൾക്കും റേഷൻ നൽകാനുള്ള ഉത്തരവാണ് മന്ത്രി റദ്ദാക്കാൻ നിർദേശിച്ചത്. ഞാനോ ഓഫീസോ ഇങ്ങനെ ഒരു നിർദ്ദേശം നൽകിയിട്ടില്ല. അനുമതിയില്ലാതെ ഇറക്കിയ പുതിയ ഉത്തരവ് മരവിപ്പിക്കും. റേഷൻ വിതരണത്തിന് പുതിയ സമയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, നിലവിലുള്ള രീതി മറികടന്ന് പുതിയ രീതി നടപ്പാക്കിയാൽ റേഷൻ നഷ്ടമാകാനുള്ള സാധ്യത ഏറെയാണെന്ന് റേഷൻ വ്യാപാരികളും മന്ത്രിയെ പിന്തുണച്ച് വ്യക്തമാക്കി. 15നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണന വിഭാഗത്തിന് പിന്നീട് റേഷൻ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ യാതൊരു വ്യക്തതയുമുണ്ടായിരുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു.
എന്നാൽ, ഇപോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനം റേഷൻ കടകളിൽ അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണു സമയമാറ്റ നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. റേഷൻ വിതരണത്തിൽ കാർഡുകളെ നോക്കി വിശപ്പ് സമയം തീരുമാനിക്കേണ്ടെന്നും ഉപഭോക്താക്കൾക്ക് തങ്ങളുടെ കൈയിൽ എപ്പോഴാണോ പണം ഉണ്ടാവുന്നത് അപ്പോൾ തന്നെ റേഷൻ ലഭിക്കുന്ന സംവിധാനമാണ് നിലനിൽക്കേണ്ടതെന്നും ഇത് അട്ടിമറിക്കാൻ ആരേയും അനുവദിച്ചുകൂടെന്നും റേഷൻ കാർഡ് ഉടമകളും വ്യക്തമാക്കി.
എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമെന്നതായിരുന്നു നിലവിലുള്ള അവസ്ഥ. അത് തന്നെ നിലനിർത്താനാണ് മന്ത്രി നിർദേശം നൽകിയതെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.