Sorry, you need to enable JavaScript to visit this website.

ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ അറബിയിലും ആദ്യാക്ഷരം പകര്‍ന്നു

തിരുവനന്തപുരം - ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു കുട്ടികള്‍ക്കാണ് അദ്ദേഹം നാവില്‍ ആദ്യാക്ഷരം കുറിച്ചത്. രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുരുന്നുകളെ എഴുത്തിനിരുത്തി. മലയാളത്തിലും അറബിയില്‍ എഴുതണമെന്ന് താത്പര്യം പ്രകടിപ്പിച്ച മാതാപിതാക്കളുടെ കുരുന്നുകള്‍ക്ക് അറബിയിലും ഗവര്‍ണര്‍ ആദ്യാക്ഷരം പകര്‍ന്നു. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ക്രിയാത്മകമായ സാമൂഹിക പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആര്‍ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പ്രസക്തി ഈ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീന്‍, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ മാറ്റങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവര്‍ക്കുമൊരുക്കാനും നമുക്ക് സാധിക്കണം. ഇതിനായി വിവിധ നടപടികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

 

Latest News