മസാച്യുസെറ്റ്സ്- ഇന്ത്യയുടെ ജുഡീഷ്യറിയില്‍ അടിസ്ഥാന വര്‍ഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചരിത്രപരമായ അനീതികള്‍ തിരുത്തണം. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഞായറാഴ്ച അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ബ്രാന്‍ഡെയ്സ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അംബേദ്കറിനെ കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിസെന്‍സസ് ചര്‍ച്ചയാകുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ നിലപാട് പറഞ്ഞത് എന്നതാണ് ശ്രദ്ധേയം.
'ചരിത്രപരമായ അനീതികള്‍ തിരിച്ചറിയുന്നതിന് നിയമ പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുണ്ട്. മുന്‍കാല പിഴവുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ നീതിയുക്തമായ സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിയമവ്യവസ്ഥ ആവശ്യമാണ്'- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരെ ഭരണഘടന ഒരു സംരക്ഷണ കവചമായി വര്‍ത്തിക്കും എന്നതാണ് അംബേദ്കറുടെ ഭരണഘടനാവാദമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. എല്ലാ പൗരന്മാരുടെയും അവകാശങ്ങളുടെ സംരക്ഷണം ഭരണഘടന ഉറപ്പാക്കണമെന്നും അംബേദ്കര്‍ വിഭാവനം ചെയ്തു. കേവലം പ്രാതിനിധ്യത്തിന് അപ്പുറമുള്ള പരിഷ്‌കരണം ഉണ്ടാവണം. എങ്കിലേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ പങ്കാളികളാവാന്‍ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധികള്‍ പലപ്പോഴും മനഃസാക്ഷിയുടെ വോട്ടാണെന്നും സ്വവര്‍ഗ വിവാഹ കേസില്‍ തന്റെ ന്യൂനപക്ഷ വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 1950ല്‍ സുപ്രീംകോടതിയുടെ തുടക്കം മുതല്‍ ഇന്നു വരെ പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് വിധികളില്‍, ചീഫ് ജസ്റ്റീസിന്റെ വിധി ന്യൂനപക്ഷ വിധിയില്‍ ഉള്‍പ്പെട്ട 13 സന്ദര്‍ഭങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റി ലോ സെന്ററില്‍ പ്രഭാഷണം നടത്തുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സ്വവര്‍ഗ പങ്കാളികള്‍ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നല്‍കാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കേണ്ടത് കോടതിയല്ല, പാര്‍ലമെന്റ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാന്‍ അവകാശം നല്‍കുന്നതെന്നും ഇത് വിവേചനമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിപ്രസ്താവത്തില്‍ പറഞ്ഞു. ജസ്റ്റിസ് എസ് കെ കൗള്‍ ഇതിനോട് യോജിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവര്‍ ചീഫ് ജസ്റ്റിസിന്റെ നിലപാട് തള്ളുകയായിരുന്നു.