ഗാസ - കരയുദ്ധം നടത്തുമെന്ന് ഇസ്രായില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായില്‍ സെന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസിന്റെ അറിയിപ്പ്. ഗാസയില്‍ പ്രവേശിച്ച ഇസ്രായില്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രായില്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും സൂചനയുണ്ട്. അതേസമയം, ഇസ്രായിലിന്റെ ഭാഗത്തു നിന്നുള്ള വ്യോമാക്രമണം തുടരുകയാണ്. ഗാസയിലെ ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രായില്‍ ബോംബാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായിലിന്റെ ആക്രമണത്തില്‍ ആറായിരത്തിലേറെ ഫലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ രണ്ടായിരത്തിലധികവും കുട്ടികളാണ്.
ഗാസ മുനമ്പിലെ വിവിധ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ സൈന്യം റെയ്ഡുകള്‍ നടത്തിയതായും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായിലിനെ ആക്രമിക്കാന്‍ ഹമാസ് തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങള്‍ തകര്‍ക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. 'രാജ്യത്തിന്റെ കരസേന ഗാസയ്ക്കുള്ളില്‍ ചില റെയ്ഡുകള്‍ നടത്തിയിരുന്നു. കവചിത, കാലാള്‍പ്പട ബറ്റാലിയനുകളാണ് റെയ്ഡുകള്‍ നടത്തിയത്' ഒരു ടെലിവിഷന്‍ ബ്രീഫിംഗില്‍ ഇസ്രായില്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. 'രാത്രിയില്‍ ടാങ്കുകളും കാലാള്‍പ്പടയും ഉപയോഗിച്ചുള്ള റെയ്ഡുകള്‍ ഉണ്ടായിരുന്നു. ഈ റെയ്ഡുകള്‍ യുദ്ധത്തില്‍ നമ്മുടെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പും തീവ്രവാദികളുടെ സ്‌ക്വാഡുകളെ ഇല്ലായ്മ ചെയ്യാനുമുള്ള റെയ്ഡുകളാണ്.' ഹഗാരി കൂട്ടിച്ചേര്‍ത്തു. കാണാതായ ബന്ദികളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ഇസ്രായില്‍ സൈന്യം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസ മുനമ്പിലെ 320 സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഹമാസ് പ്രവര്‍ത്തകര്‍ പതിയിരിക്കുന്ന തുരങ്കങ്ങള്‍, ഡസന്‍ കണക്കിന് ഓപ്പറേഷന്‍ കമാന്‍ഡ് സെന്ററുകള്‍, നിരീക്ഷണ പോസ്റ്റുകള്‍ എന്നിവയെല്ലാം ആക്രമണ ലക്ഷ്യങ്ങളാണെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.