ചെന്നൈ- തമിഴ്‌നാട്ടില്‍ നടി ഗൗതമി ബി.ജെ.പി വിട്ടത് സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈക്ക് തിരിച്ചടിയായി. അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യം ഉപേക്ഷിച്ചതുമുതല്‍ തിരിച്ചടി നേരിടുകയാണ് അണ്ണാമലൈ. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും പാര്‍ട്ടി യഥാര്‍ഥത്തില്‍ അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടിയില്‍നിന്നു തനിക്ക് പിന്തുണയില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പനെ ചില ബി.ജെ.പി നേതാക്കള്‍ പിന്തുണക്കുന്നുവെന്നും ആരോപിച്ചാണ് ഗൗതമി 25 വര്‍ഷത്തെ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
ഞാന്‍ ഗൗതമിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വളരെ വേഗത്തില്‍ നടപടിയുണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങള്‍ അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നുന്നു. ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. ഞാന്‍ ഇന്നും ഗൗതമിയുമായി ചാറ്റ് ചെയ്തിരുന്നു. ഇതിലൊരു തെറ്റിദ്ധാരണയുണ്ടായി. പോലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. ബി.ജെ.പിയിലെ ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. പ്രതിക്ക് ബി.ജെ.പിയുമായി ബന്ധവുമില്ല. പ്രതി 25 വര്‍ഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാള്‍ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതില്‍ ഞങ്ങള്‍ ഗൗതമിയുടെ പക്ഷത്താണ്-അണ്ണാമലൈ പറഞ്ഞു.