ടെല്‍ അവീവ്- ഗാസയില്‍ കരയുദ്ധം നടത്തുന്നത് സംബന്ധിച്ച് ഇസ്രായിലി നേതാക്കള്‍ തമ്മിലടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരും ഇസ്രായിലി സൈനിക നേതൃത്വവും തമ്മിലാണ് അടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറേ ദിവസമായി കരയുദ്ധം, കരയുദ്ധം എന്ന് പറയുന്നതല്ലാതെ സൈന്യത്തിന് ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും നല്‍കാത്തതാണ് സൈന്യത്തെ ചൊടിപ്പിക്കുന്നത്. പ്രതിരോധ മന്ത്രാലയവും ഉടന്‍ ഗാസയിലേക്ക് കരസേന കയറണം എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ പ്രധാനമന്ത്രി നെതന്യാഹു വിമുഖനാണത്രെ.
ഇസ്രായിലി മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പറഞ്ഞ് ഇസ്രായിലി സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കി. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഐ.ഡി.എഫ് മേധാവിയും മികച്ച ഏകോപനത്തോടെയാണ് നീങ്ങുന്നതെന്ന് പ്രസ്താവന വിശദീകരിക്കുന്നു. പരസ്പര വിശ്വാസത്തോടെയാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും മൂന്നു കൂട്ടരും വ്യക്തമാക്കി.