Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു, 15 മരണം; 100 ലധികം പേര്‍ക്ക് പരിക്ക്

ധാക്ക- ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 മരണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ധാക്കയിലെ കിഷോര്‍ഗഞ്ചില്‍ വൈകീട്ടോടെയായിരുന്നു സംഭവം.

പാസഞ്ചര്‍ തീവണ്ടിയും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗോദുലി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ധാക്കയില്‍നിന്നും ചത്തോഗ്രാമിലേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെ എതിരെ വന്ന ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ധാക്കയില്‍ നിന്നും 80 കിലോ മീറ്റര്‍ മാറി ഭായ്‌രാബില്‍ വച്ചായിരുന്നു തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.

വിവരം അറിഞ്ഞ ഉടന്‍ അധികൃതര്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീവണ്ടിയ്ക്കുള്ളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണ്.

അപകടത്തെ തുടര്‍ന്ന് ധാക്ക ചത്തോഗ്രാ പാതവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

 

Latest News