ഹൈദരാബാദ്- ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെ രണ്ട് സ്ത്രീകൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 38 കാരിയുടെ ഭർത്താവാണ് മധുര നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഭർത്താവുമായി വഴക്കിട്ടാണ് വീടുവിട്ടിറങ്ങിയതെന്ന് റഹ്മത്ത് നഗർ സ്വദേശിയായ യുവതി പറഞ്ഞു. രാത്രി ഒരു ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് പ്രതികളായ രണ്ടു സ്ത്രീകൾ എത്തിയത്. കാര്യം അന്വേഷിച്ച വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് യുവതിയെ ആശ്വസിപ്പിച്ചുവെന്ന് മധുര നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ബി ശ്രീനിവാസ് പറഞ്ഞു. ബസ് സ്റ്റോപ്പ് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ഇരുവരും ചേർന്ന്് യുവതിയെ യൂസുഫ്ഗുഡയിലെ ബ്രഹ്മ ശങ്കർ നഗറിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. രാത്രി വീട്ടിൽ തങ്ങാമന്നും സുരക്ഷിതയായിരിക്കുമെന്നും രാവിലെ പോകാമെന്നുമാണ് ഉറപ്പ് നൽകിയിരുന്നത്.
വീട്ടിലെത്തിയ ശേഷം യുവതിക്ക് ലഹരി കലർന്ന ശീതളപാനീയം നൽകി. തുടർന്ന് മദ്യലഹരിയിലായിരുന്ന രണ്ട് സ്ത്രീകളും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ ശരീരത്തിൽ പോറലുകളുണ്ടെന്ന് എസ്എച്ച്ഒ ബി ശ്രീനിവാസ് പറഞ്ഞു. യുവതിയുടെ നാലു പവൻ സ്വർണ്ണ ചെയിനും കമ്മലുകളും പ്രതികൾ കവർന്നു. സ്ത്രീകൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.