കോട്ടയം - തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം.പിക്ക് ഒപ്പം സമൂഹമാധ്യമത്തിൽ പ്രചരിച്ച തന്റെ ഫോട്ടോകളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. അവരുടെ പിറന്നാൾ ആഘോഷത്തിനിടെ എടുത്ത ഫോട്ടോകൾ രഹസ്യ കൂടിക്കാഴ്ചയുടെ പ്രതീതി ജനിപ്പിക്കാൻ വികലമാക്കിയതാണെന്നും തരം താഴ്ന്ന രാഷ്ട്രീയ പ്രചാരണമാണിതെന്നും തരൂർ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി വ്യക്തമാക്കി.
'ഇത് വളരെ തരംതാഴ്ന്ന രാഷ്ട്രീയമാണ്. അന്ന് അവരുടെ പിറന്നാളായിരുന്നു. എനിക്ക് അവളെ ഒരു കുട്ടി എന്ന് വിളിക്കാൻ കഴിയില്ല, പക്ഷേ എനിക്ക് അവൾ കുട്ടിയെ പോലെയാണ്. അവൾ എന്നെക്കാൾ 10 മുതൽ 20 വയസ്സ് വരെ ഇളയതാണ്. ഇത് അവരുടെ ജന്മദിന പാർട്ടിക്കിടെ എടുത്ത ഫോട്ടോ ആണ്. പിറന്നാളിന്റെ ആവേശത്തിൽ ആളുകൾ കുറച്ചൊക്കെ റിലാക്‌സ് ചെയ്ത സമയത്തെ ചിത്രങ്ങൾ. ചിത്രം പുറത്തുവിട്ടത് അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്‌നത്തിന്റെ ഭാഗമായാണ്. അതിൽ എനിക്ക് ഇടപെടേണ്ട കാര്യമില്ല. അവിടെ എന്റെ സഹോദരി അടക്കം 15 പേരുണ്ടായിരുന്നു. എന്നിരുന്നാലും, ചിലർ മനപ്പൂർവം മറ്റുള്ളവരെ ക്രോപ്പ് ചെയ്യുകയും ഫോട്ടോ ചില രഹസ്യ സ്വകാര്യ മീറ്റിംഗായി അവതരിപ്പിക്കുകയും ചെയ്തു. ഈ ഫോട്ടോ കാണുന്നവർ ചിന്തിക്കണം, ഇതൊരു രഹസ്യ കൂടിക്കാഴ്ചയായിരുന്നെങ്കിൽ ആ ഫോട്ടോ എടുക്കുമോ എന്നും തരൂർ ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മനുഷ്യരെ താഴ്ത്തിക്കെട്ടാൻ എന്തുവേണമെങ്കിലും നടക്കും. താനിതിനെ ഗൗരവമായി എടുത്തിട്ടില്ല, എടുക്കാൻ പോകുന്നുമില്ല. ഈ ട്രോളുകൾക്കൊന്നും താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് മുൻഗണനയെന്നും ശശി തരൂർ വ്യക്തമാക്കി.
ശശി തരൂരും മഹുവയും ഒരുമിച്ചുള്ള ചിത്രങ്ങൾ ക്രോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെ നീക്കംചെയ്ത് ദുഷ്ഠലാക്കോടെയായിരുന്നു ചിലരുടെ പ്രചാരണം. ഇതിനെതിരെ മഹുവ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെക്കൂടെ കാണിക്കാൻ ചിത്രം പ്രചരിപ്പിച്ച ബി.ജെ.പിയുടെ ട്രോൾ സേനയോട് അവർ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിക്കും നരേന്ദ്ര മോഡി സർക്കാറിനുമെതിരെ തീപ്പൊരി പ്രസംഗങ്ങളുമായി ലോക്‌സഭയ്ക്ക് അകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട നേതാവാണ് മൊഹുവ മൊയ്ത്ര.