അഹമ്മദാബാദ് - തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി(49) മരണമടഞ്ഞു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. പ്രഭാത സവാരിക്കിടെ ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 30 വര്‍ഷത്തിലധികം സംരംഭകത്വ പരിചയമുള്ള ദേശായി, കമ്പനിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് നേതൃത്വം നല്‍കി വ്യക്തി കൂടിയാണ്. ഭാര്യ വിദിഷ. മകള്‍ പരിഷ.