തിരുവനന്തപുരം - വീട്ടിലെ മുറിയില്‍ സൂക്ഷിക്കുന്ന വസ്ത്രങ്ങള്‍ക്കും പേപ്പറുകള്‍ക്കുമെല്ലാം തനിയെ തീപ്പിടിക്കുന്നതിനെ തുടര്‍ന്ന് ഭയം കൊണ്ട് കുടുംബം വീട് വിട്ട് പോയി. ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി സത്യന്റെ വീട്ടിലാണ് അസാധാരണ സംഭവം. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയെങ്കിലും തീ പിടിക്കുന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഭീതിയെ തുടര്‍ന്ന് കുടുംബം വീട് വിട്ട് ബന്ധുവീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. കഴിഞ്ഞ 15 ന് രാത്രി മുതലാണ് ആശങ്കപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാന്റിലും ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് താനെ തീപിടിക്കുകയായിരുന്നു. ആദ്യം പുക വരികയും പിന്നീട് വസ്ത്രം കത്തുകയായിരുന്നുവെന്നും സത്യന്‍ പറയുന്നു. വീടിന് അകത്ത് മാത്രമാണത്രേ പ്രശ്‌നം. വീടിന് പുറത്ത് വസ്ത്രം കൊണ്ടിട്ടപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്. അസാധാരാണ സംഭവമായതോടെ ഉടന്‍ തന്നെ വീട്ടുകാര്‍ പഞ്ചായത്ത് അംഗം അശോകനെ വിവരം അറിയിച്ചു. അശോകന്‍ വീട്ടില്‍ എത്തിയപ്പോഴും മുറിക്കുള്ളില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ കത്തി. ഇതിനിടയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് പോലുള്ള പ്രശ്‌നം ഉണ്ടോയെന്നറിയാന്‍ ഇലക്ട്രീഷ്യനേയും വിളിച്ചു.. എന്നാല്‍ പരിശോധനയില്‍ വയറിംഗിനൊന്നും പ്രശ്‌നമില്ലെന്ന്് കണ്ടെത്തി. ഇതോടെ പോലീസിന് പരാതി നല്‍കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തീപിടിത്തമുണ്ടായി. അടുക്കളയില്‍ ഉണ്ടായിരുന്ന പേപ്പറുകളും പ്ലാസ്റ്റിക് ചാക്കുകള്‍ക്കുമെല്ലാം തീപിടിച്ചുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതോടെ സത്യനും ഭാര്യ സലീനയും മകനും കൊച്ചുമക്കളുമെല്ലാം വീട്ടില്‍ നിന്ന് മാറി ബന്ധുവീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്.