ന്യൂദല്‍ഹി - ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേന്ദ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിവാദത്തില്‍. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസം നീളുന്ന വികസിത ഭാരത സങ്കല്‍പ യാത്രയുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥരോട് പ്രചാരണം നടത്താനാണ് സര്‍ക്കുലറിലെ നിര്‍ദേശം. കഴിഞ്ഞ ബുധനാഴ്ചയാണ് വിവാദ സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി നവംബര്‍ 20 മുതല്‍ ജനുവരി 25വരെ വികസിത ഭാരത സങ്കല്‍പ യാത്ര പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്നുണ്ട്, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ ഈ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് സര്‍ക്കുലറില്‍ പറയുന്നത്. ദല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ചീഫ് ഇന്‍കംടാക്‌സ് ഓഫീസര്‍ക്ക് ധനമന്ത്രാലയം അയച്ച സര്‍ക്കുലറാണ് ഇപ്പോള്‍ പുറത്തുവന്നത്. 765 ജില്ലകളിലായി 2.69 ലക്ഷം പഞ്ചായത്തുകളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും പറയുന്നു.