ഗാസ- ഇസ്രായിൽ സൈന്യത്തിന്റെ ക്രൂരത റിപ്പോർട്ട് ചെയ്യുന്നതിനിടെ രണ്ടു മാധ്യമ പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു. ഇബ്രാഹീം, റഷീദി എന്നീ മാധ്യമ പ്രവർത്തകരാണ് ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനിടെ കരയാക്രമണത്തിന് മുതിർന്ന ഇസ്രായിൽ സൈന്യത്തെ രണ്ടിടത്തുനിന്ന് തുരത്തിയോടിച്ചുവെന്ന് ഹമാസ് വ്യക്തമാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ നടത്തിയ റെയ്ഡിനിടെ ഇസ്രായാലി സൈനികൻ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
അതിർത്തിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിനിടെയാണ് സൈനികൻ കൊല്ലപ്പെട്ടത്. ഗാസയിൽ ഹമാസ് തടവിലാക്കിയവരെ പറ്റിയുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനാണ് സൈന്യം എത്തിയത്. 'ഒരു ഐഡിഎഫ് (ഇസ്രായേൽ പ്രതിരോധ സേന) സൈനികൻ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്കേറ്റുവെന്നും സൈന്യം പറഞ്ഞു. ഗാസ മുനമ്പിലെ ഖാൻ യൂനിസിന് സമീപം ഇസ്രായിൽ സൈന്യത്തിന്റെ ടാങ്കും രണ്ട് ബുൾഡോസറുകളും തകർത്തുവെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അവകാശപ്പെട്ടു. ഖാൻ യൂനുസിന്റെ കിഴക്കൻ അതിർത്തി കടന്ന് ഏതാനും മീറ്ററുകൾ പ്രവേശിച്ച ഇസ്രായിൽ കവചിത സൈന്യത്തെ തങ്ങളുടെ പോരാളികൾ പതിയിരുന്ന് ആക്രമിച്ചുവെന്നും അവർ തിരിച്ചോടിയെന്നുമാണ് ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞത്. ഇസ്രായിൽ സൈനികരെ തുരത്തിയ ശേഷം പോരാളികൾ തങ്ങളുടെ താവളത്തിൽ സുരക്ഷിതരായി മടങ്ങിയെത്തിയെന്നും ഹമാസ് വ്യക്തമാക്കി.
ഗാസയെയും ഇസ്രായിലിനെയും വേർതിരിക്കുന്ന ഖാൻ യൂനിസിന് സമീപത്തെ വേലിയിലൂടെ ഇസ്രായിൽ സൈന്യം ഗാസ മുനമ്പിലേക്ക് കടക്കാൻ ശ്രമിച്ചതിനെ ഹമാസ് തകർത്തു. വേലി പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ തന്നെ സൈന്യം ഹമാസ് ഉണ്ടാക്കിയ കെണിയിൽ ഇസ്രായിൽ സൈന്യം വീണു. ഇവിടെ പതിയിരുന്ന ഹമാസ് പോരാളികൾ ഇസ്രായിൽ സൈന്യത്തിന്് നേരെ വെടിയുതിർത്തു. പെടുന്നനെയുള്ള ആക്രമണത്തെ നേരിടാനാകാതെ ഇസ്രായിൽ സൈന്യം തിരിഞ്ഞോടി. കരയാക്രമണമുണ്ടായാൽ ശക്തമായ ചെറുത്തുനിൽപ്പ് നേരിടേണ്ടി വരുമെന്ന സൂചനയാണ് ഇത് നൽകുന്നത്.