Sorry, you need to enable JavaScript to visit this website.

വെനസ്വേല പ്രസിഡന്റിനു നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ രഹസ്യ വിമത സംഘടന

കരാക്കസ്- വെനസ്വേല തലസ്ഥാന നഗരമായ കരാക്കസില്‍ സൈനിക പരേഡിനിടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു നേരെ ഡ്രോണ്‍ ആക്രണം. ആളില്ലാ വിമാനത്തില്‍ നിന്നുണ്ടായ സ്‌ഫോടനത്തില്‍ ഏഴു സൈനികര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെതിരെ രംഗത്തുള്ള രഹസ്യ വിമത സംഘടന ഏറ്റെടുത്തു. സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്ന രഹസ്യ സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ഭരണഘടന മറന്നു പ്രവര്‍ത്തിക്കുകളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സന്നരാകുകയും ചെയ്യുന്നവരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് സൈന്യത്തിന്റെ അന്തസിനു ചേര്‍ന്നതെല്ലെന്ന് നാഷണല്‍ മൂവ്‌മെന്റ് ഓഫ് സോള്‍ജിയേഴ്‌സ് ഇന്‍ ഷര്‍ട്ട്‌സ് എന്ന സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഏകാധിപതിയുടെ നേതൃത്വത്തിലുള്ള ഒരു രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ വെനസ്വേലന്‍ ജനതയോട് കൂറുള്ള സാധാരണക്കാരും രാജ്യസ്‌നേഹികളായ സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണിതെന്നാണ് അവര്‍ തന്നെ പരിചയപ്പെടുത്തുന്നത്. 

യുഎസിലുള്ള പ്രതിപക്ഷ വെനസ്വേലന്‍ മാധ്യമപ്രവര്‍ത്തകനായ പാട്രീസിയ പാലെഓക്കാണ് വിമതര്‍ തങ്ങളുടെ പ്രസ്താവന അയച്ചു കൊടുത്തത്. പാലെഓ അവരുടെ യുട്യൂബ് ചാനലില്‍ ഇതു വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. ജനങ്ങള്‍ പട്ടിണി അനുഭവിച്ചു കൊണ്ടിരിക്കുന്നതും രോഗികള്‍ക്കു മരുന്ന് ലഭിക്കാത്തതും കറന്‍സിക്ക് മൂല്യമില്ലാതായതും കമ്മ്യൂണിസമല്ലാതെ ഒന്നും പഠിപ്പിപ്പിക്കുകയോ പഠിക്കുകയോ ചെയ്യാത്ത വിദ്യാഭ്യാസ സംവിധാനവും വച്ചു പൊറുപ്പിക്കാനാവില്ലെന്നും സംഘടന പറയുന്നു.

അയല്‍ രാജ്യമായ കൊളംബിയയും യുഎസിലെ ചില അജ്ഞാത സാമ്പത്തിക കേന്ദ്രങ്ങളുമാണ് ആക്രമണത്തിനു പിന്നിലെന്ന് മഡുറോ ആരോപിച്ചു. പ്രതിപക്ഷത്തിനെതിരേയും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപണമുന്നയിച്ചു. അതേസമയം തങ്ങള്‍ക്കു പങ്കുണ്ടെന്ന് മഡുറോയുടെ പ്രസ്താവന കൊളംബിയ തള്ളി.
 

Latest News