ഒട്ടാവ- ഇന്ത്യയുമായി പ്രൊഫഷണല്‍ ബന്ധം സ്ഥാപിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അടുത്ത പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കുമെന്നും കാനഡ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളേയും കാനഡയില്‍ വര്‍ധിച്ചുവരുന്ന ഹിന്ദു ഫോബിയയെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ പൊയ്‌ലിവ്രെ അപലപിച്ചു. നേപ്പാള്‍ മാധ്യമമായ നമസ്‌തേ റേഡിയോ ടൊറന്റോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊയ്‌ലിവ്രെയുടെ അഭിപ്രായ പ്രകടനം.
ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോഴും പരസ്പരം ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജസ്റ്റിന്‍ ട്രൂഡോ അന്താരാഷ്ട്ര തലത്തില്‍ വിലമതിക്കപ്പെടുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുമായുള്ള പ്രശ്‌നം. അദ്ദേഹം നാട്ടില്‍ കനേഡിയന്‍മാരെ പരസ്പരം എതിര്‍ക്കുകയും വിദേശത്തുള്ള ബന്ധം തകര്‍ക്കുകയും ചെയ്തു. കഴിവുകെട്ടവനും പ്രൊഫഷണലല്ലാത്തതായതുമാണ് പ്രശ്‌നം. ഇപ്പോള്‍ കാനഡ ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന ശക്തികളുമായും വലിയ തര്‍ക്കത്തിലാണെന്നും അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതായും പെയിലെവ്രെ പറഞ്ഞു.
ഹിന്ദു മന്ദിരങ്ങള്‍ക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഹിന്ദു നേതാക്കള്‍ക്കെതിരായ ഭീഷണികളെയും പൊതുപരിപാടികളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരോട് കാണിക്കുന്ന ആക്രമണത്തെയും താന്‍ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വോട്ടെടുപ്പ് അനുസരിച്ച് പൊയിലിവ്രെയാണ് അടുത്ത കനേഡിയന്‍ പ്രധാനമന്ത്രിയാകാനുള്ള കൂടുതല്‍ സാധ്യത.