ഗാസ- ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് സമീപം ഒരു ഇസ്രായില്‍ ടാങ്കും രണ്ട് ബുള്‍ഡോസറുകളും തകര്‍ത്തതായും ഇസ്രായില്‍ നടത്തിയ കര ആക്രമണം ചെറുത്തുവെന്നും ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്.
ടെലിഗ്രാം ആപ്പിലൂടെ നടത്തിയ പ്രസ്താവനയിലാണ് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ അവകാശവാദം. 'അതിര്‍ത്തി കടന്ന് ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്ത് നടത്തിയ പതിയിരുന്നാക്രമണത്തില്‍ തങ്ങളുടെ പോരാളികള്‍ കവചിത ഇസ്രായേലി സേനയെ തുരത്തി. പോരാളികള്‍ ധീരമായി സേനയുമായി ഏറ്റുമുട്ടുകയും സുരക്ഷിതമായി താവളങ്ങളിലേക്ക് മടങ്ങുകയും ചെയ്തതായും പ്രസ്താവനയില്‍ തുടര്‍ന്നു. ഇക്കാര്യത്തില്‍ ഇസ്രായിലിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.
ഗാസയും ഇസ്രായിലും തമ്മില്‍ വേര്‍തിരിക്കുന്ന വേലിയിലൂടെ ഇസ്രായില്‍ സൈന്യം ഗാസ മുനമ്പിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അകത്ത് പ്രവേശിച്ചപ്പോള്‍ തന്നെ അവര്‍ ഫലസ്തീനികള്‍ ഉണ്ടാക്കിയ കെണിയില്‍ വീണു. ഈ സൈനിക പതിയിരുന്നാക്രമണം അവര്‍ പ്രതീക്ഷിച്ചില്ല. നേരിടാനുമായില്ല. നേരെ ഫലസ്തീന്‍ പോരാളികളുടെ മുന്നില്‍ ചെന്നു പെട്ട അവര്‍ക്കു നേരെ ശക്തമായ വെടിവെപ്പുണ്ടായി.
ഇസ്രായില്‍ സേനയുടെ അഭിപ്രായത്തില്‍, ഈ സൈനിക ആക്രമണം നിര്‍ണായകമായിരുന്നു. ഫലസ്തീന്‍ പോരാളികളുടെ കെണിയില്‍ പെട്ട സൈനികര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കരയിലൂടെ അധിനിവേശമുണ്ടായാല്‍ ആക്രമിക്കാന്‍ ഹമാസ് തയാറെടുത്ത് നില്‍ക്കുകയാണെന്നാണ് ഇതുനല്‍കുന്ന സൂചന.