അഹമ്മദാബാദ്- ജാതി അധിക്ഷേപങ്ങളെ തുടര്‍ന്ന് ഗുജറാത്തില്‍ ദളിത് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. അംറേലി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാന്തി ചൗഹാനാണ് സ്‌കൂളില്‍വെച്ച് വിഷം കഴിച്ച് ജീവനൊടുക്കിയത്.
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ജുനഗഡ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഗ്രാമമുഖ്യനും സഹ അധ്യാപകരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പായി കാന്തി ചൗഹാന്‍ സുഹൃത്തുക്കള്‍ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. ഗ്രാമമുഖ്യന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും സ്‌കൂളിന് ലഭിച്ച ഗ്രാന്റുകള്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയാണെന്നും അധ്യാപകന്‍ വീഡിയോയില്‍ പറയുന്നു.
ഞാന്‍ താഴ്ന്ന ജാതിക്കാരനാണ്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. എന്റെ ജാതിയെ ആയുധമാക്കിയാണ് നിങ്ങള്‍ (ഗ്രാമമുഖ്യന്‍) എന്നെ അധിക്ഷേപിക്കുന്നത്. ഒരു ഗ്രാമമുഖ്യനെന്ന നിലയ്ക്ക് നിങ്ങളൊരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയാണത്. നിങ്ങള്‍ വഹിക്കുന്ന പദവിക്കുതന്നെ അപമാനം' അധ്യാപകന്‍ വീഡിയോയില്‍ പറഞ്ഞു.
സ്‌കൂളില്‍വെച്ച് ഗ്രാമമുഖ്യന്‍ തന്നെ കൊല്ലുമോ എന്ന് ഭയമുണ്ടായിരുന്നെന്നും സ്‌കൂളിന് ലഭിച്ചിരുന്ന ഗ്രാന്റുകള്‍ മറ്റ് കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ അയാള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അധ്യാപകന്‍ ആരോപിച്ചു. സ്‌കൂളില്‍വെച്ച് വിഷം കഴിച്ച് കുഴഞ്ഞുവീണ അധ്യാപകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അധ്യാപകന്റെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു സംഘടനകള്‍.
ഗ്രാമമുഖ്യനും മൂന്ന് അധ്യാപകരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഗ്രാമമുഖ്യനെ കസ്റ്റഡിയിലെടുത്തതോടെ സ്ഥിതിഗതികള്‍ ശാന്തമായി. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് അംറേലി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ പി ഭണ്ഡാരി പറഞ്ഞു.