Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികള്‍ നമസ്‌കരിച്ചത് സംഘ്പരിവാര്‍ വിവാദമാക്കി, സ്‌കൂള്‍ ഇന്‍ചാര്‍ജിന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ-സ്‌കൂള്‍ കാമ്പസില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ നമസ്‌കരിക്കുന്ന      വീഡിയോ വൈറലായതിനെ തുടര്‍ന്ന് സ്‌കൂള്‍ ഇന്‍ചാര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. താക്കൂര്‍ഗഞ്ചിലെ നേപ്പിയര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന  സര്‍ക്കാര്‍ െ്രെപമറി സ്‌കൂള്‍ ഇന്‍ചാര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് അടിസ്ഥാന ശിക്ഷാ അധികാരി അരുണ്‍ കുമാറാണ് നടപടി സ്വീകരിച്ചത്.  സ്‌കൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ നമസ്‌കരിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തെ തുടര്‍ന്നാണ് തീരുമാനം.
സ്‌കൂളിലെ 106 വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്ന് അന്വേഷണം നടത്തിയ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ ചിലര്‍ വെള്ളിയാഴ്ച സ്‌കൂള്‍ കോമ്പൗണ്ടില്‍ നമസ്‌കരിച്ചതായും കണ്ടെത്തി.
സ്‌കൂള്‍ പരിസരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വകുപ്പുതല മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളിലെ നമസ്‌കാരം സമുദായങ്ങളിലെ അംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ത്തിയെന്നും ഈ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ അശ്രദ്ധ കാണിച്ചതിന് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം സ്‌കൂള്‍ ഇന്‍ചാര്‍ജ് മീര യാദവിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തഹ്‌സീബ് ഫാത്തിമ എന്ന അധ്യാപികയ്ക്കും മംമ്ത മിശ്ര എന്ന ശിക്ഷക് മിത്രക്കും കര്‍ശന താക്കീതും നല്‍കി.
വിദ്യാര്‍ത്ഥികള്‍ നമസ്‌കരിക്കാന്‍ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇതുമൂലം പലപ്പോഴും ക്ലാസുകള്‍ നഷ്ടപ്പെടാറുണ്ടെന്നും സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു. ക്ലാസുകള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ പരിസരത്ത് പ്രാര്‍ത്ഥന നടത്താന്‍ ഇന്‍ചാര്‍ജ് അവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയും വൈറലാക്കുകയും ചെയ്തു, ഇത് ചില പ്രദേശവാസികളുടെയും സംഘ്പരിവാര്‍ ഗ്രൂപ്പുകളുടെയും പ്രതിഷേധത്തിന് കാരണമായി.
സ്‌കൂള്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ നമസ്‌കാരത്തില്‍ പങ്കെടുപ്പിക്കുന്നുവെന്നും പ്രചരിപ്പിക്കപ്പെട്ടു.

 

Latest News