അഹമ്മദാബാദ്- നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൃദയാഘാതമുണ്ടായി പത്തു പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. പതിനാലും പതിനേഴും വയസുള്ള കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. ഗർബ നൃത്തത്തിന് ഇടയിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതോടെ സംസ്ഥാന സർക്കാരും ജാഗരൂകരായി. ഗർബ ആഘോഷം നടക്കുന്നതിന് അടുത്തുള്ള സർക്കാർ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ സർക്കാർ നിർദേശം നൽകി. ഗർബ ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഡോക്ടർമാരുടേയും ആംബുലൻസിന്റേയും സേവനം ഉറപ്പാക്കാനും നിർദേശം നൽകി. നവരാത്രി ആഘോഷങ്ങൾക്ക് മുൻപ് ഈ വർഷം ഗുജറാത്തിൽ ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ മൂന്നു പേർ മരിച്ചു.