കൊല്‍ക്കത്ത - തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ അവരുടെ രക്ഷക്കെത്താതെ കൃത്യമായി അകലം പാലിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. ആരോപണങ്ങള്‍ തെറ്റാണെന്ന് മഹുവ തന്നെ തെളിയിക്കട്ടെ എന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണം ഉയരുമ്പോള്‍ അവരെ ശക്തമായി പിന്തുണച്ച് രംഗത്ത് വരാറുള്ള മമതാ ബാനര്‍ജി മഹുവയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. മഹുവയുമായി അത്ര നല്ല ബന്ധമല്ല ഇപ്പോള്‍ മമതയ്ക്കുള്ളത്. മഹുവക്കെതിരെയുള്ള ആരോപണത്തില്‍ പാര്‍ട്ടിക്ക് ഒന്നും പറയാനില്ല എന്നാണ് തൃണമൂല്‍ പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറിയും വക്താവുമായ കുനാല്‍ ഘോഷ് പറഞ്ഞത്.
ഈ വിവാദത്തില്‍ പ്രതികരിക്കാന്‍ അത് ബാധിക്കുന്ന വ്യക്തിയാണ് ഏറ്റവും അനുയോജ്യയെന്ന് തങ്ങള്‍ കരുതുന്നു എന്നായിരുന്നു കുനാല്‍ ഘോഷിന്റെ മറുപടി. പാര്‍ട്ടി നേതൃത്വം വിവാദത്തിലകപ്പെടാന്‍ തയ്യാറല്ലെന്നും അതിനാല്‍ അതില്‍ നിന്ന് അകലം പാലിക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പറഞ്ഞു. ആരോപണം എത്തിക്സ് കമ്മിറ്റി പരിശോധിക്കട്ടെയെന്ന നിലപാടിലാണ് പാര്‍ട്ടി
മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണത്തിലെ ഉത്തരവാദിത്തത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. നേതാക്കള്‍ അറസ്റ്റിലാകുമ്പോഴോ പ്രശ്‌നത്തില്‍ അകപ്പെടുമ്പോഴോ തൃണമൂല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. മഹുവ മൊയ്ത്രയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിശദീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വ്യവസായിയായ ഗൗതം അദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങി എന്നാണ് മഹുവ മൊയ്ത്രക്കെതിരായ ആരോപണം.
അതസമയം ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് മഹുവ മൊയ്ത്രയുടെ മുന്‍ പങ്കാളിയെന്ന് അവകാശപ്പെടുന്ന ജയ് ആനന്ദ് ദേഹാദ്രായി ദല്‍ഹി പോലീസില്‍ പരാതി നല്‍കി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് അവകാശപ്പെട്ടാണ് ജയ് ആനന്ദ് രംഗത്തുവന്നിരുന്നത്. മഹുവക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായി സി ബി ഐക്കും ബിജെപി എംപി നിഷികാന്ത് ദുബെക്കും കത്തയച്ചതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. മഹുവക്കെതിരെ പരാതി നല്‍കിയതിനാല്‍ തന്റെ സുരക്ഷക്ക് വളരെ ഗുരുതരമായ ഭീഷണി ഉയര്‍ന്നിരിക്കയാണെന്നാണ് ജയ് ആനന്ദ് ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ പണം വാങ്ങിയെന്ന് സി ബി ഐക്കും ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും നല്‍കിയ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ജയ് ആനന്ദ് ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നിഷികാന്ത് ദുബെ അഴിമതി വിരുദ്ധ വിഭാഗമായ ലോക്പാലിന് കത്തുനല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി മഹുവയുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ സമീപിച്ചെന്ന് ജയ് ആനന്ദ് കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേക്കുറിച്ചു കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ, മഹുവയ്ക്കുവേണ്ടി ഹാജരാകുന്നതില്‍നിന്നു ഗോപാല്‍ പിന്മാറി.