ടെല്‍അവീവ്- വെസ്റ്റ് ബാങ്കിലെ ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായില്‍ വ്യോമാക്രമണം. രണ്ട് ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ക്യാമ്പിനുള്ളിലെ അല്‍ അന്‍സാര്‍ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായില്‍. തെക്കന്‍ ഗാസയിലെ ജനങ്ങള്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായില്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഈജിപ്തിലെ റാഫ അതിര്‍ത്തി വഴി 20 ട്രക്ക് അവശ്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഗാസയില്‍ എത്തിയതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായില്‍ അറിയിച്ചിരിക്കുന്നത്.
യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അതിന്റെ ആദ്യ നടപടിയായാണ് ആക്രമണം ശക്തമാക്കുന്നത് എന്നും ഇസ്രായില്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. കരയുദ്ധത്തിനായി ഗാസയിലേക്ക് കടക്കുന്ന ഇസ്രായില്‍ സൈനികര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് വ്യോമാക്രമണം ശക്തമാക്കുന്നത്.
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പും ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇസ്രയല്‍ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. പലസ്തീനിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പാണ് ഇത്. ഹമാസ് അനുകൂലികളുടെ പ്രധാന കേന്ദ്രമാണ് ഇതെന്നാണ് ഇസ്രയല്‍ സൈന്യം ആരോപിക്കുന്നത്. 2002മുതല്‍ ജനിന്‍ ക്യാമ്പ് ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഇസ്രയല്‍ നടത്തിവരുന്നത്.