Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവശ്യ വസ്തുക്കളുമായുള്ള ട്രക്കുകൾക്ക് വടക്കൻ ഗസയിൽ വിലക്കുമായി ഇസ്രായേൽ സേന

ഗസ - സ്വന്തം മണ്ണിൽ കൂട്ടക്കുരുതിയുടെ കെടുതികൾ പേറി അഭയാർത്ഥികളായി കഴിയുന്ന ഫലസ്തീനികൾക്കുള്ള അടിയന്തര സഹായത്തിലും പുതിയ വിലക്കുമായി ഇസ്രായേൽ സേന. മാനുഷിക സഹായങ്ങളുമായി വരുന്ന ട്രക്കുകൾ തെക്കൻ ഗസയിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും വടക്കൻ ഗസയിലേക്ക് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നുമാണ് ഇസ്രായേൽ സേനയുടെ നിലപാട്. 
 ഇത് പാലിക്കാത്ത ട്രക്കുകൾ തങ്ങൾ തടയുമെന്നാണ് ഇസ്രായേൽ സേനയുടെ മുന്നറിയിപ്പ്. ഒപ്പം ഇന്ധന നിഷേധം തുടരുമെന്നും ഇസ്രായേൽ സേന വ്യക്തമാക്കി.
  വെള്ളവും വെളിച്ചവും ഇന്ധനവും മരുന്നുമടക്കമുള്ള അവശ്യ വസ്തുക്കളെല്ലാം സമ്പൂർണമായി നിഷേധിക്കപ്പെട്ട് രണ്ട് ആഴ്ചയായപ്പോഴാണ് ഈജിപ്തിനും ഗസയ്ക്കും ഇടയിലുള്ള ഏക ക്രോസിംഗ് പോയിന്റായ റഫാ അതിർത്തി വഴി ശനിയാഴ്ച നാമമാത്രമായ ട്രക്കുകൾ കടത്തിവിട്ടത്. യു.എൻ, ഈജിപ്ത്, യു.എസ്, വിവിധ അറബ് രാഷ്ട്രങ്ങൾ എന്നിവയുടെ ശക്തമായ ഇടപെടലുകൾക്കു പിന്നാലെയാണ് റഫ വഴി ട്രക്കുകൾ കടത്തിവിടാൻ ഇസ്രായേൽ സമ്മതിച്ചത്. ഇതനുസരിച്ച് ഈജിപ്തിലെ റെഡ് ക്രസന്റിൽ നിന്ന് പാലസ്തീൻ റെഡ് ക്രസന്റ് സംഘടനയിലേക്കാണ് സാധനങ്ങൾ എത്തിക്കുന്നത്.
 ഇങ്ങനെ അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായുള്ള 20 ട്രക്കുകളാണ് ഒരുദിവസം ഗസയിലേക്ക് കടത്തിവിടുകയെന്നാണ് പറയുന്നത്. അതു തന്നെയും വടക്കൻ ഗസയ്ക്ക് അനുവദിക്കില്ലെന്ന ക്രൂരമായ സമീപനമാണ് ഇസ്രായേലിനുള്ളത്. ചുരുങ്ങിയത് 2000 ട്രക്ക് അവശ്യസാധനങ്ങൾ ഗസയിലേക്ക് വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സേവന ഡയറക്ടർ മൈക്കിൾ റയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 
 ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൊടും ദുരിതത്തിലാണ് ഫലസ്തീനികൾ. ഉപരോധത്തെ തുടർന്ന് വെള്ളവും വൈദ്യുതിയും ഇന്ധനവും ഭക്ഷ്യവസ്തുക്കളുമൊന്നും ലഭ്യമാവാതെ കൊടും ദുരിതം പേറുകയാണവർ. കടകളിലും മറ്റും ഭക്ഷണസാധനങ്ങൾ കിട്ടാനില്ല. വൈദ്യതി വിതരണവും ഇന്ധന സംവിധാനവും നിലച്ചതോടെ ആരോഗ്യ കേന്ദ്രങ്ങൾക്കു പോലും പ്രവർത്തിക്കാനാവാത്ത സ്ഥിതിയായി. ശുദ്ധജലം കിട്ടാക്കനിയായതിനാൽ സാംക്രമിക രോഗങ്ങളുടെ ഭീഷണിയും നിലനിൽക്കുന്നതായാണ് റിപോർട്ടുകൾ. 
 അതിനിടെ, ഗസയിൽ എത്തിക്കുന്ന മെഡിക്കൽ സാമഗ്രികൾ ഒന്നിനും തികയില്ലെങ്കിലും പ്രതീക്ഷയുടെ ഒരു തുള്ളി മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനം ഗെബ്രിയേസസ് പറഞ്ഞു. 23 ലക്ഷത്തോളം പേർ വസിക്കുന്ന ഭൂപ്രദേശത്ത് 20 ട്രക്ക് സഹായം എവിടെ എത്താനാണെന്നും അദ്ദേഹം ചോദിച്ചു.

Latest News