VIDEO: വേദിയില്‍ ജയ്ശ്രീറാം വിളി, വിദ്യാര്‍ഥിയെ ഇറക്കി വിട്ട അധ്യാപികക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കോളേജില്‍ സാംസ്‌കാരിക മേളക്കിടെ കൂട്ടുകാരുടെ 'ജയ് ശ്രീ റാം' വിളിയോട് അനുകൂലമായി പ്രതികരിച്ച വിദ്യാര്‍ഥിയെ സ്‌റ്റേജില്‍നിന്ന് ഇറക്കിവിട്ട അധ്യാപകന് സസ്‌പെന്‍ഷന്‍.
സംഭവത്തിന്റെ വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.  

എ.ബി.ഇ.എസ് എന്‍ജിനീയറിംഗ് കോളേജില്‍ സാംസ്‌കാരിക മേള നടക്കുന്നതിനിടെയാണ് സംഭവം. പരിപാടി അവതരിപ്പിക്കാന്‍ സ്‌റ്റേജിലേക്ക് വന്ന വിദ്യാര്‍ഥിയെ 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങളോടെ കൂട്ടുകാര്‍ സ്വാഗതം ചെയ്തു. അതിനോട് 'ജയ് ശ്രീറാം സുഹൃത്തുക്കളെ' എന്ന് പറഞ്ഞ് വിദ്യാര്‍ഥി പ്രതികരിച്ചു.

അപ്പോള്‍ തന്നെ ഇടപെട്ട മമത ഗൗതം എന്ന അധ്യാപിക വിദ്യാര്‍ത്ഥിയോട് സ്‌റ്റേജ് വിടാന്‍ പറഞ്ഞു. 'ഇതൊരു സാംസ്‌കാരിക പരിപാടിയാണ്, അത്തരം മുദ്രാവാക്യങ്ങള്‍ അനുവദനീയമല്ല,- ടീച്ചര്‍ ഹിന്ദിയില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാതെ വിദ്യാര്‍ഥിയോട് സ്‌റ്റേജില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിന് മമത ഗൗതമിനെയും മറ്റൊരു പ്രൊഫസര്‍ ശ്വേത ശര്‍മ്മയെയും കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

വൈറലായ വീഡിയോ ഗാസിയാബാദ് പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെട്ടു.  വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Latest News