മുംബൈ- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലികളില്‍ തങ്ങള്‍ക്കു സംവരണം വേണമെന്ന് ആവശ്യപ്പെട്ട് മറാഠ വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം കത്തി നില്‍ക്കെ സംവരണം കൊണ്ട് ജോലി ഉറപ്പു നല്‍കാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് തൊഴിലവസങ്ങള്‍ ചുരുങ്ങി വരികയാണെന്നും സംവരണം നടപ്പാക്കുന്നതിലൂടെ തൊഴിലവസരം ഉറപ്പു വരുത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. 'സംവരണം നടപ്പാക്കി എന്നു കരുതുക. പക്ഷേ നല്‍കാന്‍ ഇവിടെ ജോലികളില്ല. ഐ.ടി കാരണം ബാങ്കുകളില്‍ പോലും തൊഴില്‍ അവസരങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് മരവിപ്പിച്ചിരിക്കുകയാണ്. എവിടെ ജോലി ലഭിക്കും?' ഗഡ്ഗകരി ചോദിച്ചു.
പിന്നാക്കാവസ്ഥ എന്നത് ഒരു രാഷ്ട്രീയ താല്‍പര്യമായി മാറിയിരിക്കുകയാണെന്നും എല്ലാവരും തങ്ങള്‍ പിന്നാക്കക്കാരാണെന്ന അവകാശവാദവുമായി രംഗത്തു വരികയാണെന്നും മന്ത്രി ആക്ഷേപിച്ചു. 'ബിഹാറിലും ഉത്തര്‍ പ്രദേശിലും ബ്രാഹ്മണര്‍ ശക്തരാണ്. രാഷ്ട്രീയ രംഗത്ത് അവര്‍ക്കാണ് ആധിപത്യം. എന്നിട്ടും അവര്‍ പറയുന്നു തങ്ങള്‍ പിന്നാക്കാവസ്ഥയിലാണെന്ന്. ഏതു സമുദായമോ ജാതിയോ ആയാലും ദരിദ്രരില്‍ ഏറ്റവും ദരിദ്രരായ വിഭാഗത്തെ പരിഗണിക്കേണ്ടതുണ്ടെന്നും എന്നാല്‍ ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയ്ക്കു ശേഷം ഗഡ്കരി പിന്നീട് ട്വീറ്റിലുടെ തന്റെ വാക്കുകളില്‍ വ്യക്തയും വരുത്തി. സംവരണത്തിന്റെ മാനദണ്ഡം ജാതിയില്‍ നിന്ന് സാമ്പത്തിക സ്ഥിതി ആക്കി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗഡ്കരി വ്യക്തമാക്കി.