'വളരെ അപ്രതീക്ഷിതമായി ഇസ്രായിൽ അകത്ത് കയറി നിരപരാധികളെ കൊന്നൊടുക്കുകയാണ്. അതൊക്കെ ഏത് 'ഇസത്തിന്റെ ' പേരിലായാലും മനുഷ്യത്വമുള്ള ഒരുവ്യക്തി എന്ന നിലയിൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ല. മനഃസാക്ഷിക്ക് ഒപ്പം നിൽക്കുകയെന്ന പോളിസിക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ ആ വിഷയത്തിൽ ഏത്ര നഷ്ടം വന്നാലും അത് സഹിക്കാൻ തയ്യാറാണ് ' തോമസ് ഓലിക്കലിന്റെ വാക്കുകൾക്ക് ഇസ്രായിലിനെതിരെ ലോകമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന്റെ നൂറിരട്ടി ശക്തിയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇസ്രായിലിനെതിരെയുള്ള ഈ പ്രതിഷേധം വ്യത്യസ്തമാകുന്നതും.
ഫലസ്തീനികൾക്കെതിരെ ഇസ്രായിൽ നടത്തുന്ന പൈശാചികമായ കൂട്ടക്കൊലയിൽ നടുങ്ങിയിരിക്കുകയാണ് ലോകം. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ലോക ജനത കൊച്ചു കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്ന ഈ മൃഗീയത നിർത്താൻ ഇസ്രായിലിനോട് ആവശ്യപ്പെടുകയാണ്. ലോകമെമ്പാടും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. എന്നിട്ടും കൂട്ടക്കുരുതി തുടർന്നുകൊണ്ടേയിരിക്കുകയാണ്. അതിനിടയിൽ ശ്രദ്ധേയവും വ്യത്യസ്തവുമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത് ഒരു മലയാളിയാണ്. കണ്ണൂരിലെ മരിയൻ അപ്പാരൽസ് കമ്പനി എം.ഡി തോമസ് ഓലിക്കൽ. അദ്ദേഹം ഒറ്റയക്കല്ല കീഴിൽ ജോലി ചെയ്യുന്ന 1500 ലേറെ തൊഴിലാളികളുമുണ്ട്. ഏതെങ്കിലും ഒരു പ്രസ്താവനയിലോ അതല്ലെങ്കിൽ പ്ലക്കാർഡുകളിലോ ഒതുങ്ങുന്നതല്ല തോമസിന്റെ പ്രതിഷേധം. സ്വന്തം ജീവിതോപാധിയെ തന്നെയാണ് ഇസ്രായിലിനെതിരെയുള്ള പ്രതിഷേധത്തിന് അദ്ദേഹം ആയുധമാക്കിയത്. അതുകൊണ്ട് തന്നെയാണ് തോമസിന്റെ പ്രതിഷേധം ലോകത്തിന് മുന്നിൽ വ്യത്യസ്തമാകുന്നതും അതിന് മൂർച്ച കൂടുന്നതും
കണ്ണൂരിലെ മരിയൻ അപ്പാരൽസ് കമ്പനിയുടെ മാനേജിംഗ് ഡയറകട്‌റാണ് തോമസ് ഓലിക്കൽ.
കഴിഞ്ഞ എട്ട് വർഷത്തോളമായി ഇസ്രായിൽ പൊലീസിനും ജയിൽ വകുപ്പിനുമുള്ള യൂണിഫോം നിർമ്മിച്ച് നൽകുന്നത് കണ്ണൂർ കൂത്തുപറമ്പിലെ ഈ കമ്പനിയിൽ നിന്നാണ്. ഒരോ വർഷവും 1,75000 ത്തിലേറെ യൂണിഫോം ഇവിടെ നിന്ന് കയറ്റി അയക്കുന്നുണ്ട്. ഇസ്രായിൽ പോലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്തർ എയർഫോഴ്സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ്, അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ എന്നിടങ്ങളിലേക്കെല്ലാം യൂണിഫോമുകൾ വിതരണം ചെയ്യുന്നത് മരിയൻ അപ്പാരൽ കമ്പനിയാണ്. കമ്പനി മാനേജ്‌മെന്റിന്റെയും അവിടുത്തെ 1500 ലേറെ തൊഴിലാളികളുടെയും ജീവനോപാധിയിൽ, മറ്റൊർത്ഥത്തിൽ പറഞ്ഞാൽ അവരുടെ അന്ന പാത്രങ്ങളിലാണ് ഇസ്രായിലിന്റെ ക്രൂരതക്കെതിരെ അവർ പ്രതിഷേധം തീർക്കുന്നത്.
കമ്പനിയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇസ്രായിൽ പോലീസുകാരുടെ യൂണിഫോം തയ്ച്ചു നൽകുന്നതിൽ നിന്നാണ് കിട്ടുന്നത്. എന്നാൽ കൈക്കുഞ്ഞുങ്ങളെയടക്കം ഗാസയിലെ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഇസ്രായിലിന്റെ ചോരമണമുള്ള പണം തങ്ങൾക്ക് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് മരിയൻ അപ്പാരൽസ് കമ്പനി മാനേജ്‌മെന്റും അവിടുത്തെ തൊഴിലാളികളും. സമാധാനം പുനസ്ഥാപിക്കുന്നത് വരെ ഇസ്രായിൽ പോലീസുകാരുടെ യൂണിഫോമിനുള്ള പുതിയ ഓർഡറുകൾ സ്വീകരിക്കില്ലെന്നാണ് മരിയൻ അപ്പാരൽസ് കമ്പനി എം ഡി തോമസ് ഓലിക്കൽ പറയുന്നത്. സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പുറത്ത് ഈ കമ്പനിയും അവിടുത്തെ തൊഴിലാളികളും സ്വീകരിച്ച ഉറച്ച നിലപാടു തന്നെയായിരിക്കും ഈ ലോകത്തിന് ഇസ്രായിലിന് നൽകാനുള്ള ഏറ്റവും വലിയ താക്കീതും പ്രതിഷേധവും. അത് കേരളം എന്ന ലോകത്തിലെ തീരെ ചെറിയ ഒരു പ്രദേശത്ത് നിന്നാകുമ്പോൾ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. കൂട്ടക്കൊലയ്ക്ക് വിധേയരാകേണ്ടി വരുന്ന ഫലസ്തീൻ ജനതയോട് ഐക്യപ്പെടാൻ വേണ്ടിയുള്ള ഉറച്ച നിലപാടിന്റെ ഭാഗമായാണ് സ്വന്തം കഞ്ഞിയിൽ അറിഞ്ഞുകൊണ്ട് തന്നെ മണ്ണ് വാരിയിടാൻ കണ്ണൂരിലെ ഈ കമ്പനിയും അതിന്റെ മാനേജ്‌മെന്റും തൊഴിലാളികളുമെല്ലാം തയ്യാറായത്. അവരുടെ വാക്കുകളിലും പ്രവൃത്തിയിലുമെല്ലാം ചങ്കൂറ്റത്തിന്റെയും കരളുറപ്പിന്റെയും പ്രതിഷേധം വ്യക്തമാണ്.
'വളരെ അപ്രതീക്ഷിതമായി ഇസ്രായിൽ അകത്ത് കയറി നിരപരാധികളെ കൊന്നൊടുക്കുകയാണ്. അതൊക്കെ ഏത് 'ഇസത്തിന്റെ ' പേരിലായാലും മനുഷ്യത്വമുള്ള ഒരുവ്യക്തി എന്ന നിലയിൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ല. മനഃസാക്ഷിക്ക് ഒപ്പം നിൽക്കുകയെന്ന പോളിസിക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ ആ വിഷയത്തിൽ ഏത്ര നഷ്ടം വന്നാലും അത് സഹിക്കാൻ തയ്യാറാണ് ' തോമസ് ഓലിക്കലിന്റെ വാക്കുകൾക്ക് ഇസ്രായിലിനെതിരെ ലോകമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന്റെ നൂറിരട്ടി ശക്തിയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇസ്രായിലിനെതിരെയുള്ള ഈ പ്രതിഷേധം വ്യത്യസ്തമാകുന്നതും.
സ്വന്തം കമ്പനിയുടെ വരുമാനത്തെ വലിയ തോതിൽ ബാധിക്കുന്ന ഒരു തീരുമാനത്തിന് തോമസ് ഓലിക്കലിനെ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അധികാരത്തിന്റെ ഹുങ്കിൽ അശരണരായ മനുഷ്യരെ കൊന്നൊടുക്കാനുള്ള ചോരക്കൊതിക്കെതിരെയുള്ള പ്രതിഷേധം. ലോകത്തെവിടെയായാലും കൊല്ലപ്പെടുന്നത് സ്വന്തം സഹോദരരാണെന്ന ബോധ്യം. കഴിഞ്ഞ എട്ടു വർഷത്തോളമായി ഇസ്രായിൽ പോലീസുകാരുടെ യൂണിഫോം തയ്ക്കാനുള്ള ജോലി സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുന്നത് മരിയൻ അപ്പാരൽ് കമ്പനിക്കാണ്. ഏറ്റവും ഒടുവിൽ യുദ്ധം ആരംഭിച്ച സമയത്ത് കൂടുതൽ യൂണിഫോം തയ്ക്കാനുള്ള ഓർഡർ ലഭിച്ചുവെന്നാണ് തോമസ് ഓലിക്കൽ പറയുന്നത്. അദ്ദേഹത്തിന് വേണമെങ്കിൽ ആ ഓർഡർ സ്വീകരിച്ച് കൈനിറയെ കാശുണ്ടാക്കാൻ സാധിക്കുമായിരുന്നു. അത് ചെയ്യാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. ഇത്തരമൊരു നിലപാട് സ്വീകരിച്ചതിലൂടെ ഇനിയൊരിക്കലും അദ്ദേഹത്തിന് ഇസ്രായിലെ പോലീസുകാരുടെ യൂണിഫോം തയ്ക്കാനുള്ള ഓർഡർ ലഭിക്കാനിടയില്ല. എങ്കിൽപ്പോലും എന്ത് നഷ്ടം നേരിടേണ്ടി വന്നാലും തന്റെ നിലപാടിൽ പാറ പോലെ ഉറച്ചു നിൽക്കാനുള്ള ചങ്കൂറ്റമാണ് അദ്ദേഹം കാണിച്ചത്. ആ ചങ്കൂറ്റം രാഷ്ട്രീയ നേതാക്കൾക്കടക്കം പലർക്കും ഇല്ലാതെ പോയതുകൊണ്ടാണ് ഇസ്രായിലിന്റെ കൂട്ടക്കുരുതിയെ അപലപിക്കാനോ ഫലസ്തീന് പിന്തുണ നൽകാനോ പലരും ഇപ്പോഴും മടി കാണിക്കുന്നത്. ആത്മാർത്ഥമായ പ്രതിഷേധത്തിന്റെ പുതിയ രൂപമാണ് കണ്ണൂരിലെ ഈ കമ്പനി കാട്ടിത്തരുന്നത്. അവർക്ക് നൽകാം വലിയൊരു കൈയ്യടി.