ന്യൂദല്‍ഹി- മൂന്ന് മാസം പ്രായമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കേസില്‍ വീണ്ടും വിചാരണ നടത്താന്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി എസ് നരസിംഹ, പ്രശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. പ്രതിക്ക് പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെ തിടുക്കത്തില്‍ കേസിന്റെ വിചാരണ നടത്തിയെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി നടപടി.
കൊലപാതകം, ബലാത്സംഗം, പോക്‌സോ എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ഇന്‍ഡോര്‍ വിചാരണക്കോടതിയുടെ ശിക്ഷ ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ 2018 ഡിസംബറിലെ വിധിയെ ചോദ്യം ചെയ്ത് നവീന്‍ എന്നയാള്‍ ആളാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നും പ്രതിയെ നിരവധി കുറ്റങ്ങള്‍ ചുമത്തി വധശിക്ഷക്ക് വിധിക്കുകയുമായിരുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കുറ്റപത്രം സമര്‍പ്പിച്ച 2018 ഏപ്രില്‍ 27 മുതല്‍ വിധി പുറപ്പെടുവിച്ച 2018 മെയ് 12 വരെ 15 ദിവസത്തിനുള്ളില്‍ മുഴുവന്‍ വിചാരണയും പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും അഭിഭാഷകനെ വെച്ച് ശരിയായ രീതിയില്‍ വാദിക്കാന്‍ അവസരം നല്‍കിയിരുന്നില്ലെന്നും തിടുക്കപ്പെട്ടായിരുന്നു എല്ലാ നടപടിക്രമങ്ങളെന്നും നവീന്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.
നീതിയുടെ മണ്ഡപങ്ങളില്‍, ധൃതിയിലല്ല, മറിച്ച് ഓരോന്നിനും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിന്യായങ്ങള്‍ ഉണ്ടാകേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.