ന്യൂദല്‍ഹി- ഡല്‍ഹി നാഷണല്‍സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മുതിര്‍ന്ന
അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി. ജൂലൈയില്‍ നടത്തിയ പ്രവേശന പരീക്ഷയ്ക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് വിസിറ്റിങ് പ്രൊഫസറായ സുരേഷ് ഷെട്ടിക്കെതിരായ20കാരി വിദ്യാര്‍ത്ഥിനിയുടെ പരാതി. തന്റെ ശരീരത്തില്‍ അധ്യാപകന്‍ അരുതാത്ത രീതിയില്‍ തൊട്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നാലു പതിറ്റാണ്ടിലേറെ കാലം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ മുന്‍ വിദ്യാര്‍ത്ഥിയും അധ്യാപകനും ഡീനുമല്ലൊം ആയി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ വിസിറ്റിങ് പ്രൊഫസറുമായ ഷെട്ടി ശരീര ചലനങ്ങളാണ് പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് 65കാരനായ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
നാടക കലയില്‍ ത്രിവല്‍സര ഡിപ്ലോമയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥിനി പ്രവേശനപരീക്ഷയുടെ ആദ്യ കടമ്പ വിജയിച്ച ശേഷം പ്രൊഫസര്‍ ഷെട്ടിയുടെ മുമ്പില്‍ അഭിമുഖത്തിനായി ഹാജരായിരുന്നു. അഭിമുഖത്തിനിടെയാണ് മാനഭംഗശ്രമം നടന്നതെന്ന് വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും വിവിധ പോസുകളില്‍ നിന്നു കാണിക്കണമെന്നും ഇതു താന്‍ പരിശോധിക്കുമെന്നുമാണ് ഷെട്ടി പെണ്‍കുട്ടിയോട് പറഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. ഈ അഭിമുഖത്തില്‍ പെണ്‍കുട്ടി പരാജയപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, ഷെട്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചു. അഭിമുഖ പരീക്ഷ നടന്നത് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഹാളില്‍ വച്ചാണെന്നും ഈ സമയം അവിടെ 12ഓളം മറ്റു അപേക്ഷകരും ഹാജരുണ്ടായിരുന്നെന്നും ഷെട്ടി പോലീസിനോട് പറഞ്ഞു. പരാതിയുടെ നിജസ്ഥിതി അറിയുന്നതിന് സ്ഥലത്തുണ്ടായിരുന്ന മറ്റു അപേക്ഷകരില്‍ നിന്നും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.