Sorry, you need to enable JavaScript to visit this website.

കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷ: പുതിയ മാർഗനിർദേശം പുറപ്പെടുപ്പിച്ചു

നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുപ്പിച്ചു. സിയാലിന്റെ 13 കിലോമീറ്റർ ചുറ്റളവിൽ പാലിക്കേണ്ട ജാഗ്രതയാണ് അറിയിച്ചിട്ടുള്ളത്. എയർപോർട്ടിനു സമീപം ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻപ് ഈ നിയമങ്ങൾ കർശനമായും പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാന സർവീസ് സുരക്ഷിതവും സുഗമവും ആക്കുവാൻ പൊതു സമൂഹം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവ.
പക്ഷികളെ ആകർഷിക്കുന്ന തരത്തിൽ തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം ഇടരുത്. മാലിന്യം നിക്ഷേപിക്കുവാൻ വേസ്റ്റ് ബിനുകൾ ഉപയോഗിക്കണം. ഗാർഹിക മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർദേശാനുസരണം സംസ്‌കരിക്കണം. എയർപോർട്ടിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ വന്യജീവികൾ കടന്നു വരുന്നത് തടയാൻ മരങ്ങളും കാട്ടുചെടികളും വെട്ടിമാറ്റണം. പക്ഷികളുടെ സാന്നിധ്യം മൂലം ഉണ്ടാകാവുന്ന അപകട സാധ്യതകൾ കണ്ടാൽ ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് തടയാനുള്ള സംവിധാനങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. കൊതുക് പെരുകി പക്ഷികളെ ആകർഷിക്കാൻ വെള്ളക്കെട്ട് കാരണമാകും. മത്സ്യ ഫാമുകളും തണ്ണീർതടങ്ങളും മൂടി സൂക്ഷിക്കണം. ആരോഗ്യ  സുരക്ഷ പ്രശ്‌നങ്ങൾ തടയാൻ വെള്ളക്കെട്ട് പ്രശ്‌നം തൽസമയം അധികാരികളെ അറിയിക്കണം. കശാപ്പുശാലകളിലെ മാലിന്യ നിർമാർജനം കർശനമാക്കണം. വിമാന ത്താവളത്തിനടുത്തുള്ള അനധികൃത കശാപ്പുശാലകളെ സംബന്ധിച്ച് അധികൃതർക്ക് അറിയിപ്പ് നൽകണം.
പ്രത്യേക അനുമതിയില്ലാതെ വിമാനത്താവളത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ ഡോണുകൾ പ്രവർത്തിപ്പിക്കരുത്. വിമാനത്താവളത്തിന് സമീപം ലേസർ ലൈറ്റുകൾ, ശക്തമായി പ്രകാശിക്കുന്ന ബൾബുകൾ എന്നിവ ഉപയോഗിക്കരുത്. പൈലറ്റുമാർക്ക് ദിശാബോധം നഷ്ടപ്പെടുവാനും താൽക്കാലിക അന്ധത ഉണ്ടാകുവാനും ഇത് കാരണമാകും. വിമാനത്താവളത്തിനടുത്ത് കെട്ടിട നിർമാണത്തിന് മുൻകൂട്ടി അനുമതി കർശനമായി വാങ്ങിയിരിക്കണം. ഹോട്ട് എയർ ബലൂൺ പറപ്പിക്കാനും വിൽക്കുവാനും വാങ്ങുവാനും ഡി ജി സി എയിൽ രജിസ്ട്രർ ചെയ്യണം. വിമാനത്താവളത്തിന് സമീപം ഏത് പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ 1937 ലെ എയർക്രാഫ്റ്റ് നിയമം പാലിക്കണം. അല്ലാത്തപക്ഷം പിഴയടയ്‌ക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News