ഒട്ടാവ- കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഇന്ത്യൻ സർക്കാർ നടപടി ഇരു രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്നുവെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നയതന്ത്ര പദവി ഏകപക്ഷീയമായി പിൻവലിക്കുമെന്ന ഇന്ത്യൻ ഭീഷണിയെ തുടർന്ന് 41 നയതന്ത്രജ്ഞരെ പിൻവലിച്ചതായി കാനഡ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. ഇന്ത്യയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാധാരണ ജീവിതം തുടരുന്നത് ഇന്ത്യൻ സർക്കാർ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടിലാക്കുകയാണ്. നയതന്ത്രത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമായാണ് അവർ ഇത് ചെയ്യുന്നത്. ഇന്ത്യൻ വേരുകളുള്ള ദശലക്ഷക്കണക്കിന് കനേഡിയൻമാരുടെ ക്ഷേമത്തെയും സന്തോഷത്തെയും കെടുത്തുന്ന നടപടിയാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ഒന്റാറിയോയിലെ ബ്രാംപ്ടണിൽ ഒരു ടെലിവിഷൻ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കാനഡയിലെ ചില നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് യാത്രയ്ക്കും വ്യാപാരത്തിനും തടസ്സമാകുമെന്നും കാനഡയിൽ പഠിക്കുന്ന ഇന്ത്യക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ട്രൂഡോ പറഞ്ഞു. മൊത്തം ജനസംഖ്യയുടെ 5% വരുന്ന രണ്ട് ദശലക്ഷം കനേഡിയൻമാർക്ക് ഇന്ത്യൻ പൈതൃകമുണ്ട്. കാനഡയിലെ ആഗോള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഉറവിടം ഇന്ത്യയാണ്.