റോം- ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വിവാഹമോചിതയായി. തന്റെ പങ്കാളി കൂടിയായ ടെലിവിഷൻ ജേണലിസ്റ്റ് ആൻഡ്രിയ ജിയാംബ്രൂണോയിൽ നിന്ന് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച്ച ഇദ്ദേഹം നടത്തിയ ലൈംഗികാതിക്രമ പരാമർശങ്ങൾ വൻ വിവാദമായിരുന്നു.
ഏകദേശം 10 വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നുവെന്ന് ജോർജിയ മെലോണി ഫേസ്ബുക്കിൽ കുറിച്ചു. ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചുവരികയാണ്. അത് അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു-ജോർജിയ കൂട്ടിച്ചേർത്തു. ദമ്പതികൾക്ക് ഒരു ചെറിയ മകളുണ്ട്.
മുൻ പ്രധാനമന്ത്രിയും മെലോണി സഖ്യകക്ഷിയുമായ അന്തരിച്ച സിൽവിയോ ബെർലുസ്‌കോണിയുടെ പിന്തുടർച്ചക്കാരായ എം.എഫ്.ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന ഒരു വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ. രണ്ടു ഘട്ടങ്ങളിലായി സംപ്രേഷണം ചെയ്ത പരിപാടിയിലാണ് വിവാദ പരാമർശം നടത്തിയത്.