ന്യൂദല്‍ഹി-ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിരല്‍ ചൂണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കുനേരെ തോക്കു ചൂണ്ടി അദ്ദേഹത്തെ കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചതാമെന്ന് അവര്‍ ആരോപിച്ചു. അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രണ്ട് പേജുള്ള പ്രസ്താവന മഹുവ മൊയ്ത്ര തന്റെ എക്‌സ് പ്രൊഫൈലില്‍ പങ്കിട്ടു.
മൂന്ന് ദിവസം മുമ്പ് (ഒക്ടോബര്‍ 16) ഹിരാനന്ദാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരെ ചുമത്തിയ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിച്ച് ഒരു ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ 19 നാണ് ആരോപണം അംഗീകരിക്കുന്ന സത്യവാങ്മൂലം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്. ഈ 'സത്യവാങ്മൂലം' ലെറ്റര്‍ഹെഡില്ലാത്ത ഒരു വെളുത്ത കടലാസിലാണെന്നും അവര്‍ പറഞ്ഞു.
ഹിരാനന്ദാനിയെ സിബിഐയോ എത്തിക്‌സ് കമ്മിറ്റിയോ അല്ലെങ്കില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സിയോ ഇതുവരെ വിളിപ്പിച്ചിട്ടില്ല. പിന്നെ ആര്‍ക്കാണ് അദ്ദേഹം സത്യവാങ്മൂലം നല്‍കിയത്? സത്യവാങ്മൂലം വെള്ളക്കടലാസിലാണ്, ഔദ്യോഗിക ലെറ്റര്‍ഹെഡിലോ നോട്ടറിയോ അല്ല. ഇന്ത്യയിലെ ഏറ്റവും ആദരണീയനോ വിദ്യാസമ്പന്നനോ ആയ ഒരു വ്യവസായി തന്റെ തലയില്‍ തോക്ക് വെച്ചില്ലെങ്കില്‍ വെള്ള പേപ്പറിലുള്ള ഇത്തരമൊരു കത്തില്‍ ഒപ്പിടുമോ?
കത്തിലെ ഉള്ളടക്കം ഒരു തമാശയാണെന്ന് അവര്‍ പറഞ്ഞു. ബിജെപിയുടെ ഐടി സെല്ലിലെ ക്രിയേറ്റീവ് റൈറ്ററായി മാറുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില അര്‍ദ്ധബുദ്ധികളാണ് ഇത് വ്യക്തമായി തയ്യാറാക്കിയിരിക്കുന്നത്- മഹുവ മൊയ്ത്ര ആരോപിച്ചു.