കോഴിക്കോട് - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 28 മുതൽ മുഴുസമയ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ. റൺവേ റീ കാർപ്പറ്റിംഗ് പ്രവൃത്തികളെ തുടർന്ന് നിലവിൽ ഭാഗികമായ സർവീസാണുള്ളത്. റൺവേ റീ കാർപ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയായതോടെയാണ് 24 മണിക്കൂറും സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്ക് നല്കിയിട്ടുണ്ടെന്നും ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിൽ മാറ്റം വരുമെന്നും അധികൃതർ വ്യക്തമാക്കി.റീ കാർപ്പറ്റിംഗ് പ്രവൃത്തി കാരണം ജനുവരി മുതൽ കരിപ്പൂരിലെ സർവീസുകൾ വൈകീട്ട് ആറ് മുതൽ രാവിലെ പത്തു വരെയായി പുനഃക്രമീകരിച്ചിരുന്നു. രാവിലെ പത്ത് മുതൽ വൈകീട്ട് ആറു വരെയായിരുന്നു റൺവേ ജോലികൾ നടന്നിരുന്നത്. എന്നാൽ, ഈയിടെയായി ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഏറെക്കുറെ പൂർണമായി സർവീസ് അനുവദിക്കുന്നുണ്ട്. കാർപ്പറ്റിംഗ്, ഗ്രേഡിംഗ് ഉൾപ്പെടെ മുഴുവൻ ജോലികളും പൂർത്തീകരിച്ച് ഔദ്യോഗികമായി ഈമാസം 28 മുതലാണ് 24 മണിക്കൂറും സർവീസ് യാഥാർത്ഥ്യമാവുക.
ജനുവരിയിൽ ആരംഭിച്ച റൺവേ റീ കാർപ്പറ്റിംഗ് ജോലി ജൂണിൽ പൂർത്തീകരിച്ചെങ്കിലും വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടുപോവുകയായിരുന്നു. മണ്ണിന്റെ ലഭ്യതക്കുറവും മഴ തുടങ്ങിയതുമാണ് പണി നീളാൻ കാരണമായി പറഞ്ഞത്. എന്നാലിപ്പോൾ പണി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. മുഴുസമയ സർവീസ് ആരംഭിക്കുന്നതോടൊപ്പം വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അടിയന്തിരമായി അനുമതി നല്കണമെന്ന ആവശ്യവും ശക്തമാണ്.