കോട്ടയം- ബിഷപ്പിനെതിരായ പരാതിയില്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെ അപലപിച്ച് കേരള കാത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം. കന്യാസ്ത്രീയെ ബഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആഭ്യന്തര വകുപ്പിന്റെ മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കണമെന്ന് കേരളാ കാത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം ആവശ്യപ്പെട്ടു. കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും ആരോപണ വിധേയനായ ബിഷപ്പില്‍നിന്ന്് പോലീസ് മൊഴിയെടുത്തിട്ടു പോലുമില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ കര്‍ദിനാളിനെയും പാലാ ബിഷപ്പിനെയും അറിയിച്ചിട്ടും അത് മറച്ചു വെച്ചുവെന്നത് കുറ്റകരമാണെന്നും ഇക്കാരണത്താല്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും കൂട്ടുപ്രതികളാക്കി കേസെടുക്കണമെന്നും കെസിആര്‍എം ആവശ്യപ്പെട്ടു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട സഭാ മേലധ്യക്ഷന്മാരെ ബിഷപ്പിന്റെ പീഡനം നേരില്‍ കണ്ടും എഴുതിയും നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്്.
തെളിവുകള്‍ നശിപ്പിക്കാനും, പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിച്ച്് കേസ് തേച്ചു മായിക്കാനുളള ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേസില്‍ സത്വര നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്്. ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹം പുലര്‍ത്തുന്ന മൗനവും അപലപനീയമാണ്. സാംസ്‌കാരിക നായകരും പ്രതികരിക്കുന്നില്ല. ഭാരവാഹികളായ പ്രൊഫ. പി.സി ദേവസ്യ, ഡോ.ജോസഫ് വര്‍ഗീസ്, കെ.ജോര്‍ജ് ജോസഫ്, ഇ.ആര്‍ ജോസഫ്, ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.