മാഡ്രിഡ്- ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാതിരിക്കാന്‍ ഏറ്റവും ഒടുവില്‍ മുടി പൊട്ടിച്ചിട്ടും ഫുഡില്‍
കൂറയെ കണ്ടെന്നും പറഞ്ഞ് സീനുണ്ടാക്കുന്ന ജയറാമിന്റെ സിനിമ മലയാളികള്‍ കണ്ടിട്ടുണ്ട്. മറ്റൊരു ഹാസ്യ പടത്തില്‍ കാമുകിയുടേയും കൂട്ടുകാരികളുടേയും ഭീകര ബില്‍ വന്നപ്പോള്‍ ടോയ്‌ലറ്റില്‍ പോകുന്നുവെന്ന് പറഞ്ഞ് മുങ്ങിയ മലയാളി നായകനേയും കണ്ടിട്ടുണ്ട്. ഇതിന്റെയെല്ലാം മൂത്താപ്പയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവമിതാ സ്‌പെയിനില്‍ നിന്ന്. ഭക്ഷണം കഴിച്ചതിന്റെ ബില്‍ അടയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ഥിരമായി ഹൃദയാഘാതം അഭിനയിച്ചിരുന്ന 50കാരനെ അറസ്റ്റ് ചെയ്തു. 20ലധികം റെസ്റ്റോറന്റുകളെയാണ് ഇത്തരത്തില്‍ ഇയാള്‍ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
സ്പെയിനിലെ ബ്ലാങ്കയിലാണ് സംഭവം. റെസ്റ്റോറന്റുകളില്‍ കയറി സ്പെഷ്യല്‍ ഫുഡ് കഴിച്ച ശേഷം ബില്‍ അടയ്ക്കുന്ന ഘട്ടത്തില്‍ ഹൃദയാഘാതം അഭിനയിക്കുന്നതാണ് രീതി. തട്ടിപ്പ് തുടര്‍ന്നതോടെ 50കാരന്റെ ചിത്രം റെസ്റ്റോറുകള്‍ക്ക് ഇടയില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസമാണ് 50കാരന്‍ പിടിയിലായത്. ഭക്ഷണം കഴിച്ച ശേഷം 37 ഡോളറിന്റെ ബില്‍ കൊടുത്തു. സ്റ്റാഫ് മാറിയ സമയത്ത് ബില്‍ അടയ്ക്കാതെ രക്ഷപ്പെടാനാണ് 50കാരന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍ 50കാരനെ പോകാന്‍ അനുവദിച്ചില്ല. റൂമില്‍ പോയി പണവുമായി വരാമെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ വിട്ടില്ല. ഈസമയത്ത് വീണ്ടും ഹൃദയാഘാതം അഭിനയിച്ചു. നിലത്ത് കുഴഞ്ഞുവീഴുന്നത് പോലെയാണ് അഭിനയിച്ചത്. ഇനി ഇത്തരത്തില്‍ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 50കാരന്റെ ചിത്രം മറ്റു റെസ്റ്റോറന്റുകള്‍ക്ക് കൈമാറിയതായി ജീവനക്കാര്‍ പറഞ്ഞു.