ടെല്‍ അവീവ്- ബൈഡനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇസ്രായേലില്‍ എത്തി. തീവ്രവാദമെന്ന തിന്‍മയ്‌ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് വ്യാഴാഴ്ച ടെല്‍ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് എക്‌സില്‍ കുറിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും. പ്രശ്‌നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളും ഋഷി സുനക് സന്ദര്‍ശിക്കും. യുദ്ധത്തില്‍ ഇസ്രയേലിലും ഫലസ്തീനിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്നും യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുമെന്നും സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
അതേസമയം, യുദ്ധത്തില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഭരണകൂടം രംഗത്തെത്തി. ഹമാസുമായുള്ള യുദ്ധത്തില്‍ ഫലസ്തീന്‍ ജനതയെ ഇസ്രയേല്‍ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് ഓസ്‌ട്രേലിയ ആരോപിച്ചു.
ഗസയിലെ ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ അനുവാദം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ റഫാ അതിര്‍ത്തി വഴി അടിയന്തര സഹായമായി മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിക്കും. ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ ഇതുവഴി ഗസയിലേക്കെത്തും.