Sorry, you need to enable JavaScript to visit this website.

ഒരുമ കാണിച്ച് പ്രതിപക്ഷം; ഇതൊരു തുടക്കമെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ബിഹാറിലെ അഭയ കേന്ദ്രത്തില്‍ മൂന്ന് ഡസനോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനെതിരായ പ്രതിഷേധം ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ ഐക്യവേദിയായി. ദല്‍ഹി ജന്തര്‍മന്തറില്‍ ശനിയാഴ്ച വൈകിട്ട് നടന്ന പ്രതിഷേധം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നല്‍കിയ ശക്തമായ സന്ദേശത്തോടൊപ്പം മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാണെന്ന സന്ദേശം കൂടി നല്‍കി.



കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തി. ബിഹാറിലെ സംഭവം നാണക്കേടായി എന്നു പറയുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ച് അത് പ്രവര്‍ത്തനങ്ങളിലൂടെ കാണിക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തിന് നാണക്കേടായെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചത്.



രാജ്യത്തെമ്പാടുമുള്ള സ്ത്രീകളുടെ സുരക്ഷക്കുവേണ്ടിയാണ് പ്രതിഷേധമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുസഫര്‍പുരിലും അതുപോലെ രാജ്യത്തെല്ലായിടത്തും ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങളോടുമൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് പറഞ്ഞ രാഹുല്‍ ഒരു ഇഞ്ച് പോലും പിറകോട്ട് മാറില്ലെന്നും പ്രഖ്യാപിച്ചു.


ഷെല്‍ട്ടര്‍ ഹോം ഉടമയും രാഷ്ട്രീയ സ്വാധീനമുള്ളയാളുമായ 50 കാരനായ പ്രതി ബ്രജേഷ് താക്കൂറിനെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതിഷേധ പരിപാടി ദല്‍ഹിയിലെത്തിച്ചത്. ദിനപത്രങ്ങളും നിരവധി സന്നദ്ധ സ്ഥാപനങ്ങളും നടത്തുന്ന ബ്രജേഷ് താക്കൂര്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് കേസുകളില്‍നിന്ന് രക്ഷപ്പെടാറാണ് പതിവെന്ന് ആരോപണമുയര്‍ന്നിരുന്നു.


ജന്ദര്‍ മന്ദറില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍,  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിനിധി ദിനേഷ് ത്രിവേദി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാക്കളായ ഡി.രാജ, അതുല്‍ കുമാര്‍ അഞ്ജന്‍, ലോകതന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതിപക്ഷ ഐക്യത്തിന്റെ തുടക്കമാണിതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കാണാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വാഗ്ദാനം ചെയ്തതു പോലെ ശരിയായ കാര്യങ്ങള്‍ക്കായി പ്രതിപക്ഷം ഒന്നിച്ചണിനിരക്കുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News