ന്യൂദല്‍ഹി - താന്‍ ആഗ്രഹിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകുന്നില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടനെയൊന്നും വിട്ടുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഷ്ട്രീയ സൂചന നല്‍കിയുള്ള ഗെലോട്ടിന്റെ പരാമര്‍ശം.
ഇനിയും മുഖ്യമന്ത്രിയാകണമെന്ന് ഒരു വനിതാ പ്രവര്‍ത്തക എന്നോട് ആവശ്യപ്പെട്ടു. ഞാനവരോടു പറഞ്ഞു, എനിക്കീ പദവി ഉപേക്ഷിക്കണമെന്നുണ്ട്. പക്ഷേ പദവി എന്നെ അതിനനുവദിക്കുന്നില്ല- ച്ചിന്‍ പൈലറ്റുമായുള്ള ഉള്‍പ്പാര്‍ട്ടി പോര് ശക്തമാകുന്നെന്ന സൂചനകള്‍ക്കിടയിലാണ് ഗെലോട്ടിന്റെ പരാമര്‍ശം.
സച്ചിനുമായി തനിക്കു ഭിന്നതയില്ലെന്നും ഗെലോട്ട് പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ ശേഷമാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ കലഹിക്കാത്തതില്‍ ചിലര്‍ക്ക് ആശങ്കയുണ്ട്. സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുന്നവരുമായും ചര്‍ച്ച നടത്തുന്നുണ്ട്. അതിനാല്‍ സുഗമമായി തീരുമാനം എടുക്കാന്‍ സാധിക്കും- ഗെലോട്ട് പറഞ്ഞു.