Sorry, you need to enable JavaScript to visit this website.

അയോധ്യയിലെ രാംലല്ല വിഗ്രഹം പൂര്‍ത്തിയായെന്ന് ശില്‍പികള്‍, നിര്‍മാണം അതിവേഗം

ലഖ്‌നൗ- അയോധ്യയിലെ രാംലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായി ശില്‍പികള്‍ അറിയിച്ചു. വിഗ്രഹം ഒക്ടോബര്‍ 31 നകം ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന് കൈമാറുമെന്നും ശില്‍പികളിലൊരാളായ വിപിന്‍ ബദൗരിയ വ്യക്തമാക്കി. ലോകത്തെ ഏറ്റവും മനോഹരമായ വിഗ്രഹങ്ങളില്‍ ഒന്നാകുമിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞങ്ങളുടെ ശ്രമങ്ങള്‍ ഫലം കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. വിഗ്രഹത്തിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ചിലമിനുക്കു പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. അത് കൂടി പൂര്‍ത്തിയാക്കി ഈ മാസം 31 നകം വിഗ്രഹം ക്ഷേത്ര ട്രസ്റ്റിന് കൈമാറും. കറുത്ത കല്ലില്‍ തീര്‍ത്ത വിഗ്രഹം ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ശ്രീരാമ വിഗ്രഹമാകും. കാണുന്നവരെയെല്ലാം വിസ്മയിപ്പിക്കുന്ന തരത്തിലാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്', വിപിന്‍ ബദൗരിയ പറഞ്ഞു.
അതേസമയം, മൂന്ന് പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ച് മൂന്ന് വിഗ്രഹങ്ങളാണ് നിര്‍മിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിനായി മൂന്ന് ശില്‍പികളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ചത് 'ഗര്‍ഭഗൃഹ'ത്തില്‍ സ്ഥാപിക്കുമെന്നും ബാക്കി രണ്ടെണ്ണം മറ്റൊരു ക്ഷേത്രത്തില്‍ സ്ഥാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. നിര്‍മാണ പ്രവൃത്തികള്‍ ഇവിടെ അതിവേഗം പൂര്‍ത്തിയാകുകയാണ്.

 

Latest News