ജിദ്ദ - ഗാസയിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതിനെ സൗദി അറേബ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു. ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് യു.എന്നിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൗദി പ്രതിനിധി. ഗാസ ഉപരോധം പിൻവലിക്കണം. സൗദി അറേബ്യ പ്രഥമ പരിഗണന നൽകുന്ന പ്രശ്നമാണ് ഫലസ്തീൻ പ്രശ്നം. യു.എൻ രക്ഷാസമിതി തീരുമാനങ്ങൾക്കനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്ഥാപിക്കുന്ന സ്വന്തം രാജ്യത്ത് സമാധാനത്തിലും സുരക്ഷയിലും ജീവിക്കാനും സ്വയംനിർണയത്തിനുമുള്ള അവകാശങ്ങൾ അടക്കം മുഴുവൻ നിയമാനുസൃത അവകാശങ്ങളും ഫലസ്തീനികൾക്ക് ലഭിക്കുന്നതുവരെ ഫലസ്തീൻ പ്രശ്നം സൗദി അറേബ്യയുടെ പ്രഥമ പ്രശ്നമായി ഫലസ്തീൻ പ്രശ്നം തുടരും. കുട്ടികളടക്കം നൂറുകണക്കിനാളുകൾ കൊല്ലപ്പെടാൻ ഇടയാക്കി ഗാസ ആശുപത്രിക്കു നേരെ ഇസ്രായിൽ നടത്തിയ ഹീനമായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു.