ന്യൂദല്ഹി- സംഘര്ഷഭരിതമായ ഗാസയില് നാല് ഇന്ത്യക്കാര് കുടുങങിയിട്ടുണ്ടെന്നും ഇവരെ ഉടനെ ഒഴിപ്പിക്കാന് കഴിയുന്ന സാഹചര്യമല്ല നിലവിലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. അനുകൂലമായ ആദ്യ അവസരത്തില്തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായില് ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നാലുപേരില് ഒരാള് വെസ്റ്റ് ബാങ്കിലാണുള്ളത്. ഇസ്രായില് ഹമാസ് യുദ്ധത്തില് ഗാസയിലുള്ള ഇന്ത്യക്കാര്ക്ക് ആര്ക്കെങ്കിലും പരിക്കേറ്റതായോ ജീവന് നഷ്ടമായതായോ വിവരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, ആഷ്കലോണില് മലയാളിക്ക് പരിക്കേറ്റിരുന്നു. അഞ്ച് വിമാനങ്ങളിലായി നിലവില് 1,200 പേരെ ഇന്ത്യ ഇസ്രയേലില്നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 18 നേപ്പാള് സ്വദേശികള് ഉള്പ്പെടെയാണിത്.
ഗാസയിലെ അല് അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില് പ്രധാനമന്ത്രി പ്രതികരിച്ചിട്ടുണ്ട്. സാധാരണക്കാര്ക്ക് അത്യാഹിതം ഉണ്ടാവുന്നതില് ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീന് വിഷയത്തില് ഇന്ത്യ നിലപാട് ആവര്ത്തിച്ചിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന നിലപാടില് ഉറച്ചുനില്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിച്ചു. ഗാസയിലെ അല് അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില് ജീവന് നഷ്ടമായവര്ക്ക് ആദരാഞ്ജലികള് അറിയിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫലസ്തീന് ജനതക്ക് സഹായം ലഭ്യമാക്കുന്നത് തുടരുമെന്ന് മഹ്മൂദ് അബ്ബാസിനെ അറിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ തീവ്രവാദ പ്രവര്ത്തനങ്ങളിലും ആക്രമണങ്ങളിലും സുരക്ഷാ സാഹചര്യം മോശമാകുന്നതിലും ആശങ്ക രേഖപ്പെടുത്തി. ഇസ്രായില് ഫലസ്തീന് സംഘര്ഷത്തില് ഇന്ത്യ ഏറെക്കാലമായി തുടര്ന്നുവരുന്ന നിലപാട് ആവര്ത്തിച്ചതായും നരേന്ദ്രമോഡി അറിയിച്ചു.