ന്യൂദല്‍ഹി- യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കണാന്‍ യമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി മാതാവ് സമര്‍പ്പിച്ച ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരില്‍നിന്നു മറുപടി തേടിയിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും മറുപടിയൊന്നും ലഭിക്കാത്ത പശ്ചാതലത്തിലാണ് ഹരജി നല്‍കിയതെന്ന് മാതാവ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കോടതി നിര്‍ദേശം എന്തായാലും പാലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കൊലപാതകക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുകയാണ് മലയാളി നഴ്‌സായ നിമിഷപ്രിയ. സേവ് നിമിഷ പ്രിയ എന്ന സംഘടന നേതൃത്വത്തില്‍ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സേവ് നിമിഷ പ്രിയ ഭാരവാഹികള്‍ക്കൊപ്പം യമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹരജിയില്‍ നിമിഷയുടെ മാതാവ് ആവശ്യപ്പെട്ടത്.