പാരീസ്- വിഖ്യാത ഫുട്‌ബോൾ താരം കരീം ബെൻസീമക്ക് മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന ഫ്രാൻസ് ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിനെതിരെ തിരിച്ചടിച്ച് താരം. നിലവിൽ സൗദി ടീമായ അൽ-ഇത്തിഹാദിന് വേണ്ടി കളിക്കുന്ന ഫ്രഞ്ച് ഫുട്‌ബോൾ താരത്തിന് മുസ്ലീം ബ്രദർഹുഡ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എന്നാൽ ഈ സംഘവുമായി തനിക്ക് ഒരു ചെറിയ ബന്ധം പോലുമില്ലെന്ന് താരം തിരിച്ചടിച്ചു. നിലവിലെ ബാലൺ ഡി ഓർ ജേതാവും മുൻ റയൽ മാഡ്രിഡ് ഫോർവേഡുമാണ് ബെൻസീമ. ഗാസയിൽ ഇസ്രായിൽ നടത്തിയ കൂട്ടക്കശാപ്പിനെതിരെ താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഗാസ നിവാസികൾക്ക് വേണ്ടിയാണ്,സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുന്ന ഈ അന്യായമായ ബോംബാക്രമണങ്ങൾക്ക് എതിരെയാണ് എന്നും ബെൻസീമ കുറിച്ചിരുന്നു.
ഇതിന് ശേഷമാണ് ഫ്രാൻസ് മന്ത്രിയുടെ പ്രസ്താവന വന്നത്. ഇപ്പോൾ കെയ്റോ നിരോധിച്ചിരിക്കുന്ന ഈജിപ്തിൽ നിന്ന് ഉത്ഭവിച്ച മുസ്ലീം ബ്രദർഹുഡുമായി ബെൻസീമയ്ക്ക് കുപ്രസിദ്ധമായ ബന്ധമുണ്ടെന്ന് സി ന്യൂസ് ചാനലിൽ സംസാരിച്ച മന്ത്രി ഡർമനിൻ ആരോപിച്ചു. തന്റെ പരാമർശങ്ങളുടെ പേരിൽ ഡർമാനിനെതിരെ പരാതി നൽകാൻ ആലോചിക്കുന്നതായി ബെൻസീമയുടെ അഭിഭാഷകൻ കൂട്ടിച്ചേർത്തു.
അൾജീരിയൻ വംശജരായ മാതാപിതാക്കൾക്ക് ഫ്രാൻസിൽ ജനിച്ച 35 കാരനായ ബെൻസീമ കഴിഞ്ഞ ദശകത്തിലെ മികച്ച ഫ്രഞ്ച് താരങ്ങളിൽ ഒരാളാണ്.
അതേസമയം, ഫ്രാൻസിലെ ഇടതുപക്ഷ നേതാവും മൂന്ന് തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജീൻ-ലൂക്ക് മെലെൻചോൺ വിവാദത്തിൽ ബെൻസീമയെ പിന്തുണച്ചു. ബെൻസീമയെ 'കടലാസിൽ മാത്രം ഫ്രഞ്ച്' ആയി കാണാനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലിവർപൂളിന്റെയും ഈജിപ്ത് കളിക്കാരനായ മുഹമ്മദ് സലായും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്നും 'കൂട്ടക്കൊലകൾ' അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.