ബെംഗളൂരു- ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിൽ ജെ.ഡി.എസ് ചേർന്നതുമായി ബന്ധപ്പെട്ട് കർണാടക ജെ.ഡി.എസിൽ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ സി.എം ഇബ്രാഹീമിനെ തൽസ്ഥാനത്ത്‌നിന്ന് പുറത്താക്കി. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്കം ഇബ്രാഹീം ലംഘിച്ചുവെന്ന് പാർട്ടി കണ്ടെത്തി. എച്ച്.ഡി കുമാരസ്വാമിയാണ് പുതിയ അധ്യക്ഷൻ. ജെ.ഡി.എസ് എൻ.ഡി.എയിൽ ചേരില്ലെന്ന് കഴിഞ്ഞ ദിവസം ഇബ്രാഹീം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബി.ജെ.പിയുമായി കൈ കോർക്കരുതെന്ന് നിരവധി പേർ ദേവഗൗഡയോട് ആവശ്യപ്പെട്ടതായും സി.എം ഇബ്രാഹീം പറഞ്ഞിരുന്നു.