Sorry, you need to enable JavaScript to visit this website.

ഇസ്രായിലിനെ കുറ്റവിമുക്തരാക്കുന്നവരെ ശക്തമായി അപലപിച്ച് ഒ.ഐസി

ജിദ്ദ- ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ ഇസ്രായിലിനെ പിന്തുണക്കുന്നവരെ ശക്തമായി അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒ.ഐ.സി). ഇസ്രായിലിനെ പിന്തുണക്കുന്നവര്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജൂതരാഷ്ട്രത്തെ കുറ്റവിമുക്തരാക്കുകയാണെന്ന് ഒ.ഐ.സി ആരോപിച്ചു. ഇസ്രായിലിനെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തെല്‍അവീവ് സന്ദര്‍ശിച്ചിരുന്നു.

ഫലസ്തീന്‍ ജനതക്കെതിരായ ക്രൂരമായ ആക്രമണത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര നിലപാടുകളെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം ഒഐസി പ്രസ്താവനയില്‍ പറഞ്ഞു.
അധിനിവേശ ശക്തിക്ക് മറ നല്‍കുന്ന ഇരട്ടത്താപ്പ് ഇസ്രായില്‍ മുതലെടുക്കുകയാണെന്നും 57 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ആരോപിച്ചു.   
ഗാസയിലെ ക്രിസ്ത്യന്‍ അഹ്‌ലി അറബ് ഹോസ്പിറ്റലിനു നേരെ റോക്കറ്റ് ആക്രമണം നടത്തിയ ഇസ്രായിലിനെ പ്രസ്താവനയില്‍ രൂക്ഷമായി അപലപിച്ചു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 471 പേരാണ് ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  
മിഡില്‍ ഈസ്റ്റില്‍ ഉടനീളം രോഷം ആളിക്കത്തിച്ച സംഭവത്തില്‍ എല്ലാ അറബ് രാജ്യങ്ങളും  ഇസ്രായിലിനെ കുറ്റപ്പെടുത്തി.

എന്നാല്‍ ബുധനാഴ്ച ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍  ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് തെറ്റി പതിച്ചതാണ് ആശുപത്രിയിലെ മാരകമായ കൂട്ടക്കൊലയ്ക്ക് കാരണമായതെന്ന ഇസ്രായില്‍ നിലപാടിനെ പിന്തുണച്ചു,
ഫലസ്തീന്‍ ജനതക്കെതിരായ ഹീനമായ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായിലിനോട് കണക്ക് ചോദിക്കണമെന്ന് ഒ.ഐ.സി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അക്രമം തടയുന്നതില്‍ പരാജയപ്പെട്ടതിന് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയെ അപലപിക്കുകയും ചെയ്തു.

ഗാസയിലെ ഉപരോധം പിന്‍വലിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു, ഗാസയിലെ ഫലസ്തീനികളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തമുള്ള നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനുഷിക ദുരന്തം തടയാന്‍ ഗാസയിലേക്ക് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെയും ചില പാശ്ചാത്യ രാജ്യങ്ങളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഇസ്രായില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയന്‍ പറഞ്ഞു.

 

 

 

Latest News