ന്യൂയോര്‍ക്ക്-സ്മാര്‍ട്ട്‌ഫോണില്‍ കുറച്ച് വാചകങ്ങള്‍ സംസാരിച്ചാല്‍ ഒരാള്‍ പ്രമേഹരോഗിയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍. വോയ്‌സ് ടെക്‌നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സംയോജിപ്പിച്ച് നടത്തിയ പഠനത്തിലാണ് പ്രമേഹം കണ്ടെത്തുന്നതില്‍ സുപ്രധാന ചുവടുവെപ്പ്.
ഒരാള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന എ.ഐ മോഡല്‍ യു.എസിലെ ക്ലിക്ക് ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. പ്രായം, ലിംഗം, ഉയരം, ഭാരം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന ആരോഗ്യ ഡാറ്റയ്‌ക്കൊപ്പം ആളുകളുടെ ആറ് മുതല്‍ 10 സെക്കന്‍ഡ് വരെ ശബ്ദമാണ് ഉപയോഗിച്ചത്.
സ്ത്രീകളില്‍ 89 ശതമാനവും പുരുഷന്മാരില്‍ 86 ശതമാനവും കൃത്യതയുണ്ടെന്ന് മായോ ക്ലിനിക് പ്രൊസീഡിംഗ്‌സ് ഡിജിറ്റല്‍ ഹെല്‍ത്ത് ജേണലില്‍ വിശദീകരിച്ചു.
ടൈപ്പ് 2 ഡയബറ്റിക് രോഗികളും അല്ലാത്തവരുമായ 267 ആളുകളോട് രണ്ടാഴ്ചത്തേക്ക് ദിവസവും ആറ് തവണ അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ ഒരു വാചകം റെക്കോര്‍ഡ് ചെയ്യാന്‍ ഗവേഷകര്‍ ആവശ്യപ്പെടുകയായിരുന്നു. 18,000ലധികം റെക്കോര്‍ഡിംഗുകളില്‍ നിന്ന് പ്രമേഹമില്ലാത്തവരും ടൈപ്പ് 2 ഡയബറ്റിക് വ്യക്തികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ 14 ശബ്ദ സവിശേഷതകള്‍ വിശകലനം ചെയ്തു.
ടൈപ്പ് 2 പ്രമേഹമുള്ളവരും അല്ലാത്തവരുമായ വ്യക്തികള്‍ തമ്മിലുള്ള കാര്യമായ സ്വര വ്യതിയാനങ്ങള്‍ പഠനം എടുത്തുകാണിക്കുന്നുവെന്ന് പ്രബന്ധത്തിന്റെ ആദ്യ രചയിതാവും ക്ലിക് ലാബ്‌സിലെ ഗവേഷണ ശാസ്ത്രജ്ഞനുമായ ജെയ്‌സി കോഫ്മാന്‍ പറഞ്ഞു. പുതിയ കണ്ടെത്തല്‍ പ്രമേഹ പരിശോധനയെ തന്നെ പരിവര്‍ത്തിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നിലവില്‍ പ്രമേഹം കണ്ടെത്തുന്ന രീതികള്‍ക്ക് സമയവും യാത്രയും ചെലവും ആവശ്യമാണ്. എഎന്നാല്‍ വോയ്‌സ് ടെക്‌നോളജിക്ക് ഇവയൊക്കെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും.
മനുഷ്യന്റെ ചെവിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പിച്ച്, തീവ്രത എന്നിവയിലെ മാറ്റങ്ങള്‍ പോലുള്ള നിരവധി സ്വര സവിശേഷതകളും ഗവേഷക സംഘം പരിശോധിച്ചിരുന്നു.
സിഗ്‌നല്‍ പ്രോസസ്സിംഗ് ഉപയോഗിച്ച്, ടൈപ്പ് 2 പ്രമേഹം മൂലമുണ്ടാകുന്ന ശബ്ദത്തിലെ മാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. സ്വര മാറ്റങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത രീതികളില്‍ പ്രകടമായെന്നും കോഫ്മാന്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രമേഹബാധിതരായ 240 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് തങ്ങള്‍ക്ക് പ്രമേഹമുണ്ടെന്ന് അറിയില്ലെന്നാണ് കണക്ക്. 90 ശതമാനം പ്രമേഹ കേസുകളും ടൈപ്പ് 2 പ്രമേഹമാണ്. രണ്ടില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക്.